തിരുവൻവണ്ടൂർ: അയൽവാസിയായ സ്ത്രീയുടെ കുടുംബ വിഷയവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുവാൻ കൂട്ടിനായി കൊണ്ടു പോയ വീട്ടമ്മയ്ക്ക് പോലീസിൻ്റെ മർദ്ദനം. കൈയ്ക്കും പുറത്തും മർദ്ദനമേറ്റു. പരിശോധനയിൽ കൈയ്ക്കു മൂന്നു പൊട്ടലുണ്ട്. ചെങ്ങന്നൂർ പ്രിൻസിപ്പൽ എസ്ഐ എസ്. പ്രദീപാണ് മർദ്ദിച്ചതെന്ന് വീട്ടമ്മ പറയുന്നു. തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡ് തറയിൽ ടി.ബി. രാധയ്ക്കാണ് (53) മർദ്ദനമേറ്റത്. സംഭവത്തെപ്പറ്റി രാധ പറയുന്നത് ഇങ്ങനെ തിങ്കളാഴ്ച രാവിലെയാണ് അയൽവാസിയായ തറയിൽ പടിഞ്ഞാറേതിൽ ലീലാമ്മയ്ക്കൊപ്പം രാധ കൂട്ടിനായി ചെങ്ങന്നൂർ പോലീസിൽ പരാതി നൽകാൻ പോയത്. പരാതി നൽകിയ ശേഷം ഇരുവരും തിരികെ വീട്ടിലെത്തി. ചൊവ്വാഴ്ച്ച ലീലാമ്മയ്ക്ക് ഒപ്പം താമസിക്കുന്ന തുളസിയുമായി ( പരാതിയിൽ പരാമർശിക്കുന്ന വ്യക്തി) ഇവരുടെ വീട്ടിലെത്തിയ പോലീസ് രാധയെ വിളിപ്പിച്ചു.
പോലീസ് സാന്നിധ്യത്തിൽ തുളസി തന്നെ അധിക്ഷേപിച്ച് വളരെ മോശമായ ഭാഷയിൽ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു താൻ ചോദ്യം ചെയ്തപ്പോൾ പ്രിൻസിപ്പൾ എസ്ഐ പ്രദീപ് കൈയ്യിലുണ്ടായിരുന്ന ഭാരമുള്ള സ്റ്റിക് ഉപയോഗിച്ചു തൻ്റെ പുറത്തും കഴുത്തിനു പിൻവശത്തും മർദ്ദിക്കുകയും കൈയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നെന്ന് രാധ പറയുന്നു. മർദ്ദനമേറ്റു താഴെ വീണ രാധ പിന്നീട് കൈയ്ക്കു നീരു വന്നതോടെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടു പോയി. സാഹചര്യം മനസ്സിലാക്കിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ രാധയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലാക്കി. തുടർന്ന് അവരെ പോലീസ് ജീപ്പിൽ തന്നെ വീട്ടിൽ കൊണ്ടു ചെന്നാക്കി. അടുത്ത ദിവസം രാവിലെ എക്സറേ എടുത്തു പരിശോധിച്ചപ്പോൾ ഇടത് കൈവിരലിനു മൂന്നു പൊട്ടലും ആഴമേറിയ മുറിവുമുണ്ട്. ദേഹത്ത് നീരുവെച്ചിട്ടുണ്ട്. രാധയെ ജില്ലാ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഓപ്പറേഷൻ ചെയ്യാനാകാത്ത സ്ഥിതിയിലാണ്. സംഭവത്തിൽ പോലീസിലും വനിത, മനുഷ്യാവകാശ കമ്മിഷനുകളിലും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ചെങ്ങന്നൂർ എസ്എച്ച്ഒയോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.