ചെങ്ങന്നൂർ : തിരുവോണദിവസം അടുത്തതോടെ ചെങ്ങന്നൂർ നഗരം ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്നു. തിരക്കു കുറയ്ക്കാൻ നിർദേശിച്ച ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായിട്ടുള്ള ചർച്ചകൾ പൂർത്തിയായെങ്കിലും അന്തിമ രൂപമായിട്ടില്ല. പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി ബസ്ബേകൾ മാർക്കുചെയ്യുന്ന ജോലി തുടങ്ങിയിരുന്നു. എന്നാൽ ഗവ.ആശുപത്രി ജംഗ്ഷനില്‍ ബസ് ബേ മാർക്കുചെയ്തത് അശാസ്ത്രീയമായിട്ടാണെന്ന ആക്ഷേപമുയർന്നു. ബസ് ബേയാണെന്നും ഓട്ടോകൾ പാർക്കുചെയ്യരുതെന്നും പറഞ്ഞ് പോലീസ് വിലക്കുകയുംചെയ്തു. ഇതിനെതിരേ ബി.എം.എസിന്റെ ഓട്ടോത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അവർ പരാതികേൾക്കാൻ കൂട്ടാക്കിയില്ലെന്ന് യൂണിയൻ നേതൃത്വം പറയുന്നു.
ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ടുനടന്ന ചർച്ചയിൽ ബസ് ബേകളുടെ കാര്യം സംസാരിച്ചില്ലെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്. പരിഷ്‌കാരവുമായി ബന്ധപ്പെട്ടുയർന്ന നിർദേശങ്ങൾ മന്ത്രിതലത്തിൽ നടക്കുന്ന ചർച്ചകൾക്കുശേഷം അന്തിമരൂപമാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചർച്ചകൾ ഒരുവശത്തു നടക്കുമ്പോഴും ചെങ്ങന്നൂർ നഗരം കടന്നുകിട്ടാൻ വാഹനങ്ങൾ പാടുപെടുകയാണ്. ഐ.ടി.ഐ. ജംഗ്ഷന്‍ മുതൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് വെള്ളാവൂർ ജംഗ്ഷനും പിന്നിട്ട് നീളുകയാണ്. ആംബുലൻസുകൾക്ക് വഴിയൊരുക്കാൻപോലും കഴിയാത്ത വിധത്തിലാണ് നഗരത്തിലെ ഗതാഗതത്തിരക്ക്.