കടമ്പനാട് : ചെന്നൈയിൽ നിന്നെത്തിയ ആൾ ക്വാറന്റീനിൽ കഴിയാതെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനെത്തുടർന്ന് വധുവിന്റെയും വരന്റെയും വീട്ടുകാർ ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം.
കഴിഞ്ഞ ദിവസം കാരക്കാട് നടന്ന വിവാഹ ചടങ്ങിലാണ് ഏഴാംമൈൽ സ്വദേശിയായ വരന്റെ വീട്ടുകാർക്കൊപ്പം ചെന്നൈയിൽ നിന്നെത്തിയ ബന്ധുവായ കൂടൽ സ്വദേശി വിവാഹത്തിൽ പങ്കെടുത്തത്. ഫോട്ടോഗ്രഫർ, ഡ്രൈവർമാർ എന്നിവരടക്കം 21 പേരാണ് ഇവിടെനിന്ന് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സംഭവമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും ഏനാത്ത് പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.
ചെന്നൈയിൽ നിന്നെത്തിയ ഇയാൾക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കടമ്പനാട് പഞ്ചായത്തിൽ ബന്ധപ്പെട്ടെങ്കിലും അനുമതി നൽകിയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തുടർന്ന് കൂടൽ പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയാണ് ഇയാൾ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹശേഷം വരന്റെ വീട്ടിൽ നടന്ന സ്വീകരണ ചടങ്ങിലും ഇയാൾ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാഹനത്തിൽ മടങ്ങാൻ ശ്രമിച്ച ഇയാളെ തിരികെ വരുത്തി ചടങ്ങിൽ പങ്കെടുത്തവരെല്ലാം ക്വാറന്റീനിൽ കഴിയാൻ നിർദേശവും നൽകുകയായിരുന്നു.