തിരുവനന്തപുരം : സാലറി ചാലഞ്ചില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍ബന്ധിച്ചു നടപ്പാക്കുന്ന സാലറി ചലഞ്ച് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാല്‍ ജീവനക്കാര്‍ സ്വമേധയാ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രവാസികളുടെ കാര്യത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത് ശരിയായ ആരോപണം ആണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി. കൊവിഡ് വരും മുന്‍പേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും പാളിച്ച കൊവിഡിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. സമൂഹ അടുക്കളയിലും സന്നദ്ധസേനയും രാഷ്ട്രീയം പ്രകടമാണെന്നും ചെന്നിത്തല ആരോപിച്ചു.