ഡല്‍ഹി: രമേശ് ചെന്നിത്തല എഐസിസി വൈസ് പ്രസിഡന്റാകും. ഉടന്‍ പുനസംഘടനയുണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിയ രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ പദവി.
നേരത്തെ രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. അന്ന് രമേശ് ഉന്നയിച്ച പരാതികള്‍ കേള്‍ക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. പദവികളൊന്നും അദ്ദേഹം ഉറപ്പും നല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് എ ഐ സി സി പുനസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കും എന്ന ഉറപ്പ് ചില ദൂതന്‍മാര്‍ വഴി ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡ് നല്‍കി. പാര്‍ട്ടി ദേശീയ തലത്തില്‍ അടിമുടി പുനസംഘടിപ്പിക്കാനാണ് പദ്ധതി. ഇടക്കാല പ്രസിഡന്റായി സോണിയ തന്നെ തുടരും.
മൂന്നോ നാലോ വൈസ് പ്രസിഡന്റ് മാര്‍ വരാനാണ് സാധ്യത. അതിലേക്ക് തെക്കേ ഇന്ത്യയുടെ പ്രതിനിധിയായാകും ചെന്നിത്തല. രമേശിന്റെ മുന്‍കാല പ്രവര്‍ത്തന മികവും ഭാഷാ പ്രാവീണ്യവും പുതിയ പദവിക്ക് അദ്ദേഹത്തിന് ഗുണകരമാണ്. ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നാലും അദ്ദേഹം കേരളത്തില്‍ തന്നെ തുടരും. എം എല്‍ എ കൂടിയായതിനാല്‍ പ്രാദേശിക കാര്യങ്ങളില്‍ ഇടപെടല്‍ അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.