തിരുവനന്തപുരം: ഇഎംസിസി കരാര്‍ വഴി നടന്നത് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊളളയടിക്കാനുളള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിലൂടെ മത്സ്യതൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയാണ് ഗൂഢാലോചന നടത്തിയത്.
മത്സ്യനയത്തിന് വിരുദ്ധമാണ് കരാറെന്നാണ് മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നത്. എന്തുകൊണ്ട് ഇക്കാര്യം ആദ്യമേ പറഞ്ഞില്ലെന്നും ചെന്നിത്തല ചോദിച്ചു. 2019 ഓഗസ്‌റ്റ് രണ്ടിനാണ് ഇഎംസിസിയുമായി മന്ത്രി ചര്‍ച്ച നടത്തിയത്. അന്ന് ഈ പദ്ധതി എന്തുകൊണ്ട് തളളിക്കളഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുന്നയിച്ചു. മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യത നഷ്‌ടമായി. കമ്പിനി പ്രതിനിധികളുമായി മുഖ്യമന്ത്രിയെ ക്ളിഫ് ഹൗസില്‍ കണ്ടത് മേഴ്‌സിക്കുട്ടിയമ്മയാണ്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. സംസ്ഥാന മത്സ്യനയം ഉപയോഗിച്ച് വലിയ ഗൂഢാലോചന നടന്നു. കൃത്യമായ രേഖകളില്ലാത്ത കമ്പിനിക്ക് എങ്ങനെ 5000 കോടിയുടെ പദ്ധതി നല്‍കി.
മത്സ്യനയത്തിന് വിരുദ്ധമെന്ന് കണ്ട് കമ്പിനിയെ തിരിച്ചയച്ചെന്ന് പറഞ്ഞത് വ്യാജമാണ്. ഒറ്റനോട്ടത്തില്‍ തന്നെ ഇത് മത്സ്യതൊഴിലാളി വിരുദ്ധമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പദ്ധതിയില്‍ മുഖ്യമന്ത്രിയുടെയും രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കമ്പിനി വ്യാജമാണെന്നും കൃത്യമായ മേല്‍വിലാസമൊന്നുമില്ലാത്ത കമ്പിനിയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇത് സത്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റേത് ഗുരുതരമായ തെറ്റാണ്. കൃത്യമായ മേല്‍വിലാസമില്ലാത്ത കമ്പിനിക്ക് 400 യാനങ്ങള്‍ നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കുന്നതെങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. മത്സ്യ തൊഴിലാളികള്‍ ദോഷകരമായ പദ്ധതിക്കെതിരെ നാളെ രാവിലെ 9 മുതല്‍ പൂന്തുറയില്‍ സത്യാഗ്രഹമിരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.