ആറന്മുള : പാര്‍ത്ഥസാരഥിയെ വണങ്ങാന്‍ അച്ചന്‍കോവിലാറ്റില്‍നിന്ന് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടം എന്ന ഖ്യാതി ചെന്നിത്തലയ്ക്ക് മാത്രം സ്വന്തം. വെച്ചൊരുക്കും ആചാരവുമായി പള്ളിയോട യാത്രയ്ക്ക് ഏറ്റവുമധികം ചടങ്ങുകള്‍ നടക്കുന്ന കരയെന്ന പ്രത്യേകതയും ചെന്നിത്തലയ്ക്കുണ്ട്. അച്ചന്‍കോവിലാര്‍, കുട്ടമ്പേരൂരാറ്, പമ്പാനദി എന്നീ നദികള്‍ പിന്നിട്ട് 80 കിലോമീറ്റര്‍ തുഴഞ്ഞാണ് പള്ളിയോടം തിരുവാറന്മുളയപ്പന്‍റെ മണ്ണിലെത്തുന്നത്. തിരുവോണപ്പിറ്റേന്നുതന്നെ ചെന്നിത്തലക്കരയില്‍ ആറന്മുള യാത്രക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
പള്ളിയോടക്കടവില്‍ പുറപ്പെടല്‍ ചടങ്ങിനായി തയ്യാറാക്കുന്ന ശ്രീകോവിലില്‍ പാര്‍ത്ഥസാരഥിയെ പ്രതിഷ്ഠിച്ചാണ് ആചാരങ്ങള്‍ നടത്തുന്നത്. ഈ ദിവസങ്ങളില്‍ കരക്കാര്‍ വള്ളസദ്യ, നിറപറ, താംബൂല വഴിപാട്, അവില്‍പൊതി എന്നിവയെല്ലാം സമര്‍പ്പിക്കും. പുതിയ തലമുറക്കായി വഞ്ചിപ്പാട്ട് കളരിയും നടത്തും. പമ്പാനദി കരയിലെത്തുന്ന നാക്കട കടവുവരെ ഇരുകരകളിലും ഭക്തര്‍ പള്ളിയോടത്തിന് കാഴ്ചക്കുലകള്‍, വെറ്റില, പുകയില, അവില്‍പ്പൊതി എന്നിവയുമായി കാത്തുനില്‍ക്കും. 120 വര്‍ഷം മുമ്പ് കിണറുവിള രാമന്‍ നായര്‍, കൊന്നക്കോട്ട് നീലകണ്ഠപ്പിള്ള, വളയത്തില്‍ വേലുപ്പിള്ള, കല്ലിക്കാട്ട് കേശവപിള്ള തുടങ്ങിയ കരപ്രമാണിമാരാണ് ആദ്യമായി ചെന്നിത്തല കരയ്ക്ക് കുട്ടനാട്ടില്‍നിന്ന് ചുണ്ടന്‍വള്ളം വാങ്ങിയത്.
ഇപ്പോള്‍ ചെന്നിത്തല തെക്ക് 93-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്‍റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന് 93 അടി നീളവും അന്‍പത്തിയൊന്നേകാല്‍ അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുണ്ട്. 2010-ല്‍ പുതിയ പള്ളിയോടം ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തില്‍ പണിത് നീറ്റിലിറക്കുകയും പഴയ പള്ളിയോടം പുതുക്കുളങ്ങരയ്ക്ക് വില്‍ക്കുകയും ചെയ്തു. ആറന്മുള ഉത്രട്ടാതി ജലമേളയില്‍ രണ്ടുതവണ രണ്ടാംസ്ഥാനം നേടിയ ചെന്നിത്തലയ്ക്ക് 1975 ല്‍ ചമയത്തിനും 1996-ല്‍ ചമയം, വഞ്ചിപ്പാട്ട്, ചിട്ടയായ തുഴച്ചില്‍ എന്നിവയ്ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്.