കൊച്ചി : മന്ത്രി മെഴ്‌സിക്കുട്ടിയമ്മക്കെതിരായ ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ടു രേഖകള്‍കൂടി ഇന്ന് പുറത്തുവിട്ടു. ഒന്ന് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പ്. മറ്റൊന്ന് കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്റെ രേഖയുമാണ്. കേരളത്തിലും ന്യൂയോര്‍ക്കിലുമായി മന്ത്രി ചര്‍ച്ച നടത്തി. കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് ചിത്രം പുറത്തുവിട്ടതോടെ മാത്രമാണ്. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്ന് ചെന്നിത്തല ചോദിച്ചു.
മെഴ്‌സിക്കുട്ടിയമ്മ ഓടിച്ചുവിട്ടയാളെ ജയരാജന്‍ വിളിച്ചുകൊണ്ടുവരികയായിരുന്നോ..? സര്‍ക്കാര്‍ യഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ വ്യവസായ മന്ത്രിയുടെ സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. കെഎസ്‌ഐഎന്‍സി എം.ഡിക്ക് ഉത്തരവാദിത്വം ഉണ്ടെങ്കില്‍ അദ്ദേഹം അനുഭവിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇഎംസിസി കമ്പനി അധികൃതര്‍ തന്നെ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. അവരെ താന്‍ വിട്ടതാണെന്ന് തെളിയിക്കാന്‍ വ്യവസായമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഇഎംസിസി സി.ഇ.ഒ ഫിഷറീസ് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി വിവരമുണ്ട്. മുഖ്യമന്ത്രി മറുപടി പറയണം, നിഷേധിച്ചാല്‍ അംഗീകരിക്കാമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.