തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയ്ക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച് വിവാദങ്ങള്‍ കൊഴുക്കവേ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്ക് ചുട്ട മറുപടിയുമായി ചെന്നിത്തല. ഇനിയും ഒളിച്ചുകളി തുടര്‍ന്നാല്‍ അമേരിക്കന്‍ കമ്പിനിയുമായുണ്ടാക്കിയ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് ചെന്നിത്തലയുടെ വെല്ലുവിളി. മന്ത്രി ഇപി ജയരാജനും അഴിമതിയില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
കോടികളുടെ അഴിമതി നടത്താനാണ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ടോം ജോസിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന മേഴ്‌സിക്കുട്ടിയമ്മയുടെ പരിഹാസത്തിനുനേരെയും ചെന്നിത്തല ആഞ്ഞടിച്ചു. ആരുടെ മനോനിലയാണ് തെറ്റിയതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പ്രിംഗ്‌ളറിനേക്കാളും ഇ മൊബിലിറ്റിയേക്കാളും വലിയ അഴിമതിയാണ് കരാറുമായി ബന്ധപ്പെട്ട് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് അഴിമതിയുടെ ഗൂഢാലോചന നടത്തിയത്. ഇഎംസിസി പ്രതിനിധികളുമായി 2018ല്‍ ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിലെ കടലുകളില്‍ മത്സ്യബന്ധനം നടത്തും.
അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ അമേരിക്കന്‍ കമ്പിനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വന്‍ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പിനികള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.