തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വീതംവയ്‌പ് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഹെെക്കമാന്‍ഡ് നിരീക്ഷക സമിതി. അച്ചടക്ക ലംഘനത്തിനും ഗ്രൂപ്പ് വീതംവയ്‌പ്പിനുമെതിരെ ഹെെക്കമാന്‍ഡ് നിരീക്ഷക സമിതിയുടെ താക്കീത്. ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകമെന്ന് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗത്തില്‍ സംഘം നിര്‍ദേശിച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലാണ് ഹെെക്കമാന്‍ഡ് നിരീക്ഷക സമിതി. മികച്ച സ്ഥാനാര്‍ഥികള്‍ക്ക് ഗ്രൂപ്പ് നോക്കാതെ അവസരം നല്‍കണമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്നും കെപിസിസി ഭാരവാഹി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. “ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ട. കിറ്റ് കൊടുത്തിട്ടല്ല എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയമുണ്ടാക്കിയത്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടാണ്,” കെപിസിസി ഭാരവാഹി യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനെ താഴെത്തട്ടില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് വഴിയൊരുക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി അസ്വാരസ്യങ്ങളുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ചെന്നിത്തല പറഞ്ഞു. തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. ഹെെക്കമാന്‍ഡ് ഇടപെട്ടതോടെയാണ് കെ.വി.തോമസും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടത്. താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് താേമസും പറഞ്ഞു.