തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനെതിരെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തിന്റെ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയും ചിത്രം പങ്കുവച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തില്‍ പങ്കെടുത്തശേഷം കരയുന്ന ലയ എന്ന ഉദ്യോഗാര്‍ഥിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. “അനധികൃത, പിന്‍വാതില്‍ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേള്‍ക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാര്‍ഥികള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാര്‍ഥി ലയ മാറിനിന്ന് കരയുന്ന ചിത്രം ആരുടെയും ഉള്ളുലയ്ക്കും.” ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
അനധികൃത, പിന്‍വാതില്‍ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേള്‍ക്കുന്നത്. സെക്രട്ടറിയറ്റിനു മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാര്‍ഥികള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാര്‍ഥി ലയ മാറിനിന്ന് കരയുന്ന ചിത്രം ആരുടെയും ഉള്ളുലയ്ക്കും.
ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പിഎസ്‌സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നല്‍കി നിയമിക്കാനാണ് അവരുടെ താല്‍പര്യം. ഒപ്പം തോറ്റ എംപിമാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി നല്‍കാനും.
മൂന്നു ലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നിട്ടുള്ളത്. ഇതിന്റെ അര്‍ഥം മൂന്നു ലക്ഷം ചെറുപ്പക്കാര്‍ക്ക് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ അനധികൃത നിയമനങ്ങള്‍ക്കെതിരെ സമഗ്രമായ നിയമനിര്‍മാണം നടത്തും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവു കിട്ടാവുന്നതായിരിക്കും ഈ കുറ്റം. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും. ഇനിയൊരു ഉദ്യോഗാര്‍ഥിയുടെയും കണ്ണീര് ഇവിടെ വീഴരുത്.