ആലപ്പുഴ: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ ഇ.ഡിക്ക് നല്‍കിയ മൊഴി ഞെട്ടിക്കുന്നതാണെന്നും സ്പീക്കറെക്കുറിച്ച് നേരത്തെ കേട്ടിരുന്ന പലതും ശരിവെക്കുന്ന തരത്തിലുള്ള മൊഴിയാണ് പുറത്തു വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നേരാംവണ്ണം ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരും. അന്വേഷണ ഏജന്‍സികള്‍ അതിന് തയാറാകാത്തത് വിചിത്രമാണ്. ഇത്രയും ഗൗരവമുള്ള മൊഴി ലഭിച്ചിട്ട് മാസങ്ങളായിട്ടും എന്തു കൊണ്ട് അതിന്മേല്‍ അന്വേഷണം നടന്നില്ല എന്നതിന്റെ കാരണം ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയ ധാരണയാണെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എം നേതാക്കളുടെ തനിനിറം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്തിന്റെയും ഡോളര്‍കടത്തിന്റെയും പിന്നാമ്പുറ കഥകള്‍ അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നു.
നിയമസഭാ സമ്മേളനം തീര്‍ന്ന ഉടന്‍ വേവലാതി പിടിച്ച് സ്പീക്കര്‍ എന്തിന് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുടെ കട ഉദ്ഘാനം ചെയ്യാന്‍ പാഞ്ഞു പോയി എന്ന ചോദ്യത്തിനുള്ള ഉത്തരവും, അവിടെ വെച്ച് സ്വപ്‌നാ സുരേഷുമായി പങ്കിട്ട സൗഹൃദത്തിന്റെ അര്‍ഥവും ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. നിയമസഭയില്‍ സ്പീക്കര്‍ നടത്തിയ അതിരുവിട്ട അഴിമതികളുടെ കാരണവും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഒഴുക്കുന്ന കോടികളുടെ സ്രോതസ്സും ഇതോടെ വ്യക്തമായി. മാത്രമല്ല സ്പീക്കറുടെ അടിക്കടിയുള്ള വിദേശ യാത്രകളുടെ പിന്നിലെ യഥാര്‍ഥ ലക്ഷ്യങ്ങളും ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണ്.
സ്വര്‍ണ്ണക്കടത്തുകാരുടെ മൊഴിയില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഡോളര്‍കടത്തില്‍ പങ്കുണ്ടെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ഇപ്പോള്‍ സ്പീക്കറുടെ പങ്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇ.ഡിക്കെതിരെ സര്‍ക്കാര്‍ കേസ് എടുത്തപ്പോള്‍ സ്വയരക്ഷക്കാണ് അവര്‍ ഇതൊക്കെ ഇപ്പോള്‍ പുറത്തുവിട്ടത്.
ഇത്രയും ഗൗരവമുള്ള മൊഴി ലഭിച്ചിട്ട് മാസങ്ങളായിട്ടും എന്തു കൊണ്ട് അതിന്മേല്‍ അന്വേഷണം നടന്നില്ല എന്നതിന്റെ കാരണം ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയ ധാരണയാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണോ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞ ഡീലുണ്ടാക്കിയത്?
ഇത്രയും ഞെട്ടിക്കുന്ന മൊഴികള്‍ ഉണ്ടായിട്ടും സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം മരവിച്ചു പോയത് എന്തുകൊണ്ട് എന്നതിന് ബി.ജെ.പി ജനങ്ങളോട് മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.