ആലപ്പുഴ: തിരുവനന്തപുരം മേയർ പാർട്ടിപ്രവർത്തകർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തിൽ മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ല. രാജിവെച്ചു പുറത്ത് പോകണം. മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ പി ജയരാജൻ ബന്ധുനിയമനത്തിന് കത്ത് എഴുതിയതിനു സമാനമായ സംഭവമാണിത്. ഇക്കാര്യത്തിൽ ഇ പി രാജിവെച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയർ പ്രകടിപ്പിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്ക് ഒരു നിമിഷം തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല.
രാജിവെച്ച് പുറത്തുപോകണം. നേരത്തെ യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയ സി പി എം ഇപ്പോൾ മുൻവാതിൽ തുറന്നിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് സിപിഎം മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിപിഎമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം.
ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാര്‍ കാത്തിരിക്കുമ്പോള്‍ സഖാക്കള്‍ക്കായി തൊഴില്‍ ദാനം സംഘടിപ്പിക്കുകയാണ് സിപിഎമ്മും അവരുടെ കളിപ്പാവയായ മേയറും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സിപിഎമ്മിന്റെ ഭരണകാലയളവില്‍ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ് സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സുധാകരന്‍ പറഞ്ഞു.