തിരുവനന്തപുരം: അഞ്ചുവര്‍ഷക്കാലത്തെ എല്‍ ഡി എഫിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനവികാരം യുഡിഎഫിന് മികച്ച ഭൂരിപക്ഷം നല്‍കുമെന്ന വിലയിരുത്തലാണ് തങ്ങള്‍ക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ വിഷയങ്ങളും ശരിയാണ് എന്ന് ജനങ്ങള്‍ക്കറിയാം. ഇതിനെ സാധൂകരിക്കുന്ന ജനവികാരമാണ് തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലതരത്തിലുള്ള അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് ഈ തിരഞ്ഞെടുപ്പില്‍ സിപിഎം ഉണ്ടാക്കിയത്. ബിജെപി, പിഡിപി മുതലായ കക്ഷികളുമായി പലസ്ഥലങ്ങളിലും സി പി എം കൈകോര്‍ത്ത് പ്രവര്‍ത്തിച്ചവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഎമ്മിന്റെ കുതന്ത്രം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി ഒരു തവണ കൂടി അധികാരത്തിലേറിയാല്‍ പാര്‍ട്ടി തകര്‍ന്നു പോകുമെന്ന വിശ്വാസമുള്ള സിപിഎമ്മുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിന് വോട്ട് ചെയ്തു. യുഡിഎഫിന്റെ ശക്തമായ പ്രവര്‍ത്തനവും പ്രവര്‍ത്തകരിലുണ്ടായ യോജിപ്പും ഒറ്റക്കെട്ടായ നിലപാടുകളും ഈ തിരഞ്ഞെടുപ്പില്‍ സഹായം ചെയ്തിട്ടുണ്ട്. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കിയ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കും. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന് ബോധ്യപ്പെടും. വ്യാജ വോട്ടുകള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച ഹൈക്കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹ൦ പറഞ്ഞു.