പൂന്തുറ: മുഖ്യമന്ത്രി അറിയാതെ എംഡിക്ക് 3,000 കോടി രൂപയുടെ ട്രോളര്‍ കരാര്‍ ഒപ്പുവെക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. പ്രശാന്തുമായി താന്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായെന്നും ചെന്നിത്തല പറഞ്ഞു. പ്രശാന്തുമായി ഞാന്‍ സംസാരിച്ചിട്ടില്ല. അയാള്‍ എന്നോടും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ലാതെ അയാള്‍ക്ക് എങ്ങനെ ഒപ്പിടാന്‍ കഴിയും?, – പ്രതിപക്ഷ നേതാവ് ചോദിച്ചു. കെഎസ്‌ഐഎന്‍സി എംഡി ചെന്നിത്തലയുടെ മുന്‍ പ്രെെവറ്റ് സെക്രട്ടറിയായിരുന്നെന്നും കരാറുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരക്കെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇ.എം.സി.സിയുമായുള്ള ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഇഎംസിസി കമ്പിനി അധികൃതര്‍ രണ്ടുവട്ടം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രധാന ആരോപണം. ഇഎംസിസിയുടെ സിഇഒ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കി നല്‍കിയത്. 2,950 കോടി രൂപയുടെ ധാരണാപത്രം ഉണ്ടായതായി അറിയാത്ത മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല പരിഹസിച്ചു.