പാലക്കാട് : ചെര്‍പ്പുളശേരിയില്‍ ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കി (ഹിന്ദു ബാങ്ക് )ന്റെ പേരില്‍ സംഘപരിവാര്‍ നടത്തിയത് കോടി കണക്കിന് രൂപയുടെ തട്ടിപ്പ്. നിരവധി നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം ആവിയായി, നിക്ഷേപകര്‍ പണം ചോദിച്ച് എത്തിതുടങ്ങിയപ്പോഴേയ്ക്കും കഴിഞ്ഞദിവസം ബാങ്ക് അടച്ചു പൂട്ടി ഉത്തരവാദിത്വപ്പെട്ടവര്‍ മുങ്ങി.
സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനും സംഘപരിവാറിന്റെ സോഷ്യല്‍മീഡിയ ചുമതലക്കാരനുമായിരുന്ന ബാങ്കിന്റെ ചെയര്‍മാന്‍ സുരേഷ് കൃഷ്ണക്കെതിരെ 15 പേര്‍ ചെര്‍പ്പുളശേരി പോലീസില്‍ പരാതി നല്‍കി. ഇവരില്‍ നിന്ന് 97 ലക്ഷം രൂപ സ്വരൂപിച്ചെന്നാണ് പരാതി. ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ നിന്ന് തടിയൂരാന്‍ ബാങ്കിന്റെ ഡയറക്ടര്‍മാര്‍ തന്നെ ചെയര്‍മാനെതിരെ പരാതി നല്‍കി നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനുള്ള പദ്ധതിയാണ് ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ നടത്തുന്നത്. നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തട്ടിപ്പ് ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ അറിവോടെയാണ്. പണം എങ്ങോട്ട് പോയി എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ ശ്രമം.
ഹിന്ദുക്കളുടെ ഉന്നമനമാത്രമാണ് ബാങ്കിന്റെ ലക്ഷ്യം അതിനായി ലാഭം വിനിയോഗിക്കും എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രചാരണം. പേര് പിന്നീട് എച്ച്ഡിബി നിധി ലിമിറ്റഡ് എന്നാക്കി മാറ്റി. നിരവധി പേരില്‍ നിന്ന് 16 ശതമാനം വരെ പലിശ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഉയര്‍ന്ന പലിശ ലഭിക്കുമെന്ന് വിശ്വസിച്ച ഒരു ബിജെപി പ്രവര്‍ത്തകന്‍ ഭാര്യയുടെ സ്വര്‍ണം മറ്റു ബാങ്കില്‍ പണയപ്പെടുത്തി പണം ഇവിടെ നിക്ഷേപിച്ചു. ആര്‍ഡി എന്ന പേരില്‍ 2500 രൂപയും വ്യാപകമായി പിരിച്ചു.
ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും ബിജെപി പ്രവര്‍ത്തകരായ ചിലരില്‍ നിന്നും പണം വാങ്ങി. കോടികള്‍ കൊള്ളയടിച്ചു. ദിനംപ്രതി കൂടുതല്‍ നിക്ഷേപകര്‍ പണം തിരിച്ചു ലഭിക്കുന്നതിന് പരാതിയുമായി രംഗത്തുവന്നു കൊണ്ടിരിക്കുകയാണ്. ബാങ്ക് തുടങ്ങി ഒരു വര്‍ഷത്തില്‍ കോടികള്‍ സമാഹരിച്ച ശേഷമാണ് പൂട്ടുന്നതെന്ന് നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു. ബാങ്ക് അധികൃതരുടെ നിലപാടില്‍ അനിഷ്ടമുണ്ടായ ഇടപാടുകാര്‍ നിക്ഷേപം തിരികെ ചോദിച്ചതിനു ശേഷമാണ് ബാങ്ക് പൂട്ടിയത്. പണം നഷ്ടപ്പെട്ടവര്‍ ബാങ്ക് അധികൃതരോട് പണം ആവശ്യപ്പെട്ടെങ്കിലും ഭീഷണിയുടെ സ്വരമാണ് ഉയര്‍ന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയെയും മാസങ്ങളായി വാടക നല്കാതെ വഞ്ചിച്ചു. കള്ളപ്പണവും കുഴല്‍പ്പണവും തട്ടിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് ചെര്‍പ്പുളശേരിയില്‍ ബാങ്കിന്റെ മറവിലുള്ള പണം തട്ടിപ്പ്.