കോഴഞ്ചേരി : ഒരുമിച്ച് നിര്‍മ്മാണം തുടങ്ങിയ 11 വില്ലേജ് ഓഫീസുകളും പൂര്‍ത്തിയായിട്ടും തുറക്കാന്‍ കഴിയാതിരുന്ന ചെറുകോല്‍ സ്‌മാര്‍ട്ട് വില്ലേജ് ഓഫീസ് നാട്ടുകാരുടെ ദീര്‍ഘനാളത്തെ കാത്തിരുപ്പിന് വിരാമമിട്ട് ഉദ്‌ഘാടനത്തിന് തയാറായി. 2020-21സാമ്പത്തിക വര്‍ഷത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മാണത്തിന് അനുമതി ലഭിച്ച സ്‌മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം അന്ന് തന്നെ തുടങ്ങിയെങ്കിലും മുടങ്ങിക്കിടക്കുകയായിരുന്നു. 2021 ഫെബ്രുവരിയിലാണ് ജില്ലയിലെ 12 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണ ഉദ്‌ഘാടനം അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചത്. ചെറുകോല്‍ ഒഴികെ മറ്റു മിക്ക വില്ലേജ് ഓഫീസുകളുടെയും നിര്‍മാണം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായി ഉദ്‌ഘാടനവും നടന്നു.
ചെറുകോലിന്റെ നിര്‍മാണം മാത്രമാണ് തടസ്സപ്പെട്ട് കിടന്നത്. കെട്ടിടനിര്‍മാണത്തിന്റെ ഭാഗമായി പഴയ കെട്ടിടത്തിന് സമീപത്തെ മണ്ണ് നീക്കം ചെയ്‌തപ്പോള്‍ വലിയതോതില്‍ പാറ കണ്ടതിനെ തുടര്‍ന്ന് കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയി. നിര്‍മിതി കേന്ദ്രത്തിന് ആയിരുന്നു നിര്‍മാണ ചുമതല. ഇതിനു ശേഷം നിരവധി തവണ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും ഒന്നര വര്‍ഷത്തോളം ആരും കരാര്‍ ഏറ്റെടുക്കാതെ പണി മുടങ്ങിക്കിടന്നു. നാല്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള പഴയ വില്ലേജ് ഓഫീസ് കാലപ്പഴക്കം മൂലം പൊട്ടി പൊളിഞ്ഞ് മഴ പെയ്‌താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്‌ഥയിലും ആയി. പമ്പാ ഇറിഗേഷന്‍ വകുപ്പിന്റെ മറ്റൊരു സ്‌ഥലത്ത് നിര്‍മാണം നടത്തുന്നതിനെപ്പറ്റി ആലോചിച്ചെങ്കിലും സ്‌ഥലത്ത് നിന്ന് ധാരാളം മണ്ണ് നീക്കം ചെയ്യേണ്ട സാഹചര്യം ഉള്ളതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു.
പുതിയ വില്ലേജ് ഓഫീസ് എന്ന സ്വപ്‌നം യഥാര്‍ഥ്യമാക്കണമെന്നുള്ള നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നും സി.പി.ഐ അധ്യാപക സംഘടനാ നേതാവ് കെ.എ.തന്‍സീറിന്റെ നേതൃത്വത്തില്‍ നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ റവന്യൂമന്ത്രിയുടെ ഇടപെടലില്‍ മറ്റൊരു കരാറുകാരന്‍ നവംബറില്‍ പണി ഏറ്റെടുത്തു. ഒന്‍പതു മാസം കൊണ്ട് ഫര്‍ണിഷിങ് ഉള്‍പ്പെടെ പുതിയ വില്ലേജ് ഓഫീസിന്റെ മുഴുവന്‍ പണിയും പൂര്‍ത്തിയായി. ജനാലകളുടെ കര്‍ട്ടന്‍ വര്‍ക്ക് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ മാസം അവസാനത്തോടെ റവന്യൂ മന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കും. സിറ്റൗട്ട്, സന്ദര്‍ശക മുറി, വില്ലേജ് ഓഫീസര്‍ക്കും സ്‌റ്റാഫുകള്‍ക്കും പ്രത്യേക മുറി, ഭക്ഷണമുറി, രേഖകള്‍ സൂക്ഷിക്കാന്‍ റെക്കോര്‍ഡ് റൂം, ഒപ്പം രണ്ടു ശുചിമുറിയും ചേര്‍ന്നതാണ് ഏകദേശം 1200 സ്‌ക്വയര്‍ ഫീറ്റ് ഉള്ളതാണ് പുതിയ വില്ലേജ് ഓഫീസ്.