റാന്നി : മാനവരാശിയെ കൊന്നൊടുക്കുവാൻ പാഞ്ഞടുക്കുന്ന കൊറോണേയെ പ്രതിരോധിക്കുന്ന വൈദ്യശാസ്ത്രത്തിന്റെ അദ്‌ഭുത ദണ്ഡുകണ്ട് ഭയന്നുനിൽക്കുന്ന കൊറോണ. ആദ്യ കോറോണ അതിജീവന ശിൽപ്പം ചെറുകുളഞ്ഞി ബഥനി ആശ്രമ മുറ്റത്ത് പൂർത്തിയായി. കൊറോണ എന്ന മഹാമാരി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ രോഗത്തെ തുടച്ചു നീക്കാൻ എല്ലാം ഉപേക്ഷിച്ചു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരം അർപ്പിക്കുന്നതോടൊപ്പം പൊതു ജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം കൂടിയാണ് ഈ ശിൽപ്പം.
ലോക് ഡൗൺ കാലത്താണ് ശില്പ നിര്‍മ്മാണം ആരംഭിച്ചത്. സിമന്റും പാഴ് വസ്തക്കളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ അനുസരിച്ച് കൊറോണ വൈറസിനെ നിർജ്ജീവമാക്കാനുള്ള ഊർജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിര്‍മ്മിച്ചതെന്ന് ശില്പി ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂൾ ഡയറക്ടർ ഫാ. ജോസഫ് വരമ്പുങ്കൽ പറഞ്ഞു.