പത്തനംതിട്ട : ഹാരിസണ്‍സിന്റെ ആധാരം വ്യാജമെന്ന് കണ്ടെത്തിയതോടെ നിര്‍ദിഷ്ട ശബരിമല വിമാനത്താവള ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിന്റെ വില്പന അസാധുവാകും. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ് കെ.പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്കാണ് വിറ്റത്. ഇതടക്കം ഹാരിസണ്‍സ് ഇടുക്കി, കൊല്ലം ജില്ലകളിലായി നടത്തിയ മറ്റ് മൂന്ന് എസ്റ്റേറ്റുകളുടെ വില്പനയും അസാധുവാകും. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്കായി ഒരു പൈസപോലും നല്‍കാതെ ഏറ്റെടുക്കുന്നതിനും ഇതോടെ വഴിതെളിഞ്ഞു.
വ്യാജ ആധാരം ഉപയോഗിച്ച് ഭൂമികള്‍ വില്പന നടത്തിയ ഹാരിസണ്‍സിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ തുടര്‍ നടപടിക്കും വഴിയൊരുങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കൈവശ ഭൂമിക്ക് ഉടമസ്ഥതയുണ്ടെന്ന് പറയുന്നത് 1600/1923 നമ്പര്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ആധാര പ്രകാരമാണ്. ഇതില്‍ പറയുന്നത് ജോര്‍ജ് ആല്‍ബര്‍ട്ട് ജോണ്‍ ബാരന് എന്ന സായിപ്പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടെ കൈവശ ഭൂമികളുടെ അവകാശം പുതുതായി അദ്ദേഹം രൂപവത്കരിച്ച മലയാളം പ്ലാന്റേഷന്‍സ് (യു.കെ) എന്ന കമ്പനിക്ക് കൈമാറുന്നുവെന്നാണ്. ഇത് മലയാളത്തിലുള്ളതാണ്.
അതേസമയം ഹാരിസണ്‍സ് കോടതികളില്‍ ഹാജരാക്കുന്നത് ഇംഗ്ലീഷിലുള്ള ആധാരമാണ്. അതാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യാജമാണെന്ന് സൂചിപ്പിക്കുന്നത്. ഹാരിസണ്‍സ് പ്രസിഡന്റ് വി.വേണുഗോപാല്‍ വിജിലന്‍സിന് മൊഴി നല്‍കിയത് ചെറുവള്ളി എസ്റ്റേറ്റ് വില്പന നടത്തിയത് 1600/1923 നമ്പര്‍ ആധാരത്തിലെ ഭൂമി എന്ന നിലയിലാണ് എന്നാണ്. 2005 ആഗസ്റ്റ് രണ്ടിന് എരുമേലി സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 23429/2005 ആധാരപ്രകാരമാണ് 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ബിഷപ് യോഹന്നാന് വിറ്റത്.
ആധാരത്തില്‍ പറയുന്നത് 369/1 മുതല്‍ 7വരെ, 357/1, 368/1, 368/1C എന്നീ സര്‍വേ നമ്പറുകളില്‍പെട്ട ഭൂമി യോഹന്നാന് വില്‍ക്കുന്നു എന്നാണ്. ഈ സര്‍വേ നമ്പറുകള്‍ ഒന്നും സര്‍ക്കാര്‍ രേഖയായ സെറ്റില്‍മെന്റ് രജിസ്റ്ററിലുള്ളതല്ല. വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പകരം ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് ഭൂമിയുടെ വിലയോ പദ്ധതിയില്‍ ഓഹരി പങ്കാളിത്തമോ നല്കാന് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇത് വിവാദമായതോടെ ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാട്ടി പാലാ കോടതിയില്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
1600/1923 നമ്പര്‍ ആധാരത്തില്പെടുന്നത് എന്നവകാശപ്പെട്ടാണ് ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ 1665 ഏക്കര്‍ ബോയ്സ്, കൊല്ലം ജില്ലയിലെ 2697 ഏക്കര്‍വരുന്ന അമ്പനാട്, കൊല്ലം ജില്ലയിലെ തെന്മലയില് 205 ഏക്കര്‍ വരുന്ന റിയ എന്നീ എസ്റ്റേറ്റുകള്‍ ഹാരിസണ്‍സ് വില്പന നടത്തിയത്. ഹാരിസണ്‍സ് അവകാശപ്പെടുന്ന 1600/1923 നമ്പര്‍ ഇംഗ്ലീഷ് ആധാരം വ്യാജമാണെന്ന് വരുന്നതോടെ ഈ വില്പനകളും അസാധുവാകും.