മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ നാവികസേനയും. തിരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ താനൂരിലെത്തി. മുങ്ങൽ വിദഗ്ധരായ മൂന്നംഗ സംഘമാണ് സ്ഥലത്തെത്തിയത്. എൻഡിആർഎഫുമായി ചർച്ച നടത്തിയതിന് ശേഷം നാവികസേനയുടെ വിദഗ്ധ സംഘം തിരച്ചിൽ ആരംഭിക്കും. ദുരന്തമുഖത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സുമാണ് തിരച്ചിൽ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘത്തിനുണ്ട്. അപകടത്തിൽപ്പെട്ടവർ ഒഴുകി പോയതിനുള്ള സാദ്ധ്യതയും സംഘം തള്ളിക്കളയുന്നില്ല. ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
21 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. വിവിധ ആശുപത്രികളിലായി പത്ത് പേർ ചികിത്സയിലുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 40-ഓളം പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ആദ്യഘട്ടത്തിൽ എട്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു.