പത്തനംതിട്ട : രണ്ടരക്കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും അതിന്റെ പരിൽ അറസ്‌റ്റിലായി ജയിലിൽ പോവുകയും ചെയ്‌ത സഹകരണ സംഘം സെക്രട്ടറിയെ തിരിച്ചെടുത്ത് അതേ തസ്‌തികയിൽ നിയമനം നൽകിയ താൽക്കാലിക അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
ചേത്തയ്ക്കൽ സർവീസ് സഹകരണ സംഘം മുൻ സെക്രട്ടറി ഏബ്രഹാം ജേക്കബിനെ വീണ്ടും അതേ പദവിയിൽ നിർമിച്ച അഡ്‌മിനിസ്ട്രേറ്ററുടെ നടപടിയാണ് ജസ്‌റ്റിസ് ഡി.കെ. സിങ് റദ്ദാക്കി വിധി പ്രഖ്യാപിച്ചത്. ഇയാളെ എല്ലാ ചുമതലകളിൽനിന്ന് ഒഴിവാക്കാൻ കോടതി നിർദേശിച്ചു. സഹകരണ സംഘത്തിലെ നിക്ഷേപകരായ പി.എസ്.അനു, ശോഭന പ്രകാശ് എന്നിവർ അഡ്വ.വി.സേതുനാഥ്, വി.ആർ. മനോരഞ്ജൻ എന്നിവർ മുഖേനെ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.
2.50 കോടി രൂപയുടെ ക്രമക്കേടാണ് ചേത്തയ്ക്കൽ സർവീസ് സഹകരണ സംഘത്തിൽ നടന്നത്. സെക്രട്ടറിയെ യും പ്രസിഡന്റ്റ് അടക്കം ഭരണ സമിതിയെയും പ്രതികളാക്കി 10 ക്രിമിനൽ കേസുകൾ വെച്ചൂച്ചിറ പോലീസ് രജി സ്‌റ്റർ ചെയ്‌തിരുന്നു. മുഴുവൻ പ്രതികളും മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തളളി. സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ നടത്തിയ വകുപ്പ് 65 തല അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തു വന്നത്. ഇതിന്റെ ആഴം മനസിലാക്കിയ ഹൈക്കോടതി 83 വയസുള്ള വൈസ് പ്രസിഡൻ്റിൻ്റെ ഒഴികെ എല്ലാ പ്രതികളുടെയും മുൻകൂർ ജാമ്യഹർജി തള്ളുകയായിരുന്നു. സെക്രട്ടറി അടക്കം ജയിൽ വാസം അനുഭവിച്ചു.
ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് ഭരണ സമിതി പിരിച്ചു വിട്ട് അഡ്‌മിനി സ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. തുടർന്നാണ് സകലരെയും ഞെട്ടിച്ച് ക്രമക്കേട് നടത്തിയതിന് അറസ്‌റ്റിലായ സെക്രട്ടറിയെ തിരിച്ചെടുത്തത്.
ഇതാണ് നിക്ഷേപകരായ രണ്ടു പേർ കോടതിയിൽ ചോദ്യം ചെയ്തത്. കോടികളുടെ ക്രമക്കേട് നടത്തിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയ ഒരാളെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കാൻ താൽക്കാലിക അഡ്‌മിനിസ്ട്രേറ്റർക്ക് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അയാൾ നിക്ഷേപകരുടെ ഫണ്ട് ക്രമക്കേട് നടത്തിയ ആളാണ്. അതിന്റെ പേരിൽ ജയിലിലും കിടക്കേണ്ടി വന്നു. വിചാരണ നടന്നു കൊ ണ്ടിരിക്കുകയാണ്. അങ്ങനെയൊരാളെ വീണ്ടും ബാങ്കിൻ്റെ ഫണ്ട് കൈകാര്യം ചെയ്യാൻ അനുവദിക്കാൻ കഴിയില്ല.
ബാങ്കിങ് രാജ്യ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. തങ്ങളുടെ ഇടപാടുകാരുടെ വിശ്വസ്‌തരായി വേണം ബാങ്ക് ഉദ്യോഗസ്‌ഥർ ജോലി ചെയ്യാൻ. അവർ അതിൽ വീഴ്ച വരുത്തിയാൽ അവരെ ഏൽപ്പിച്ചിരിക്കുന്ന പൊതുജനങ്ങളോടുള്ള കടമകളും കർത്തവ്യങ്ങളും ഇല്ലാതാവുകയാണ്. അതുകൊണ്ട് തന്നെ നിക്ഷേപകരുടെ ഹർജി നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പു നടത്തിയ ഒരാളെ വീണ്ടും ആ ജോലിയിലേക്ക് തിരികെ എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ കോടതി ഇയാളെ എല്ലാ ചുമതലകളിൽനിന്ന് ഒഴിവാക്കുവെന്നും പ്രസ്‌താവിച്ചു.