ചെട്ടികുളങ്ങര : ചൊവ്വാഴ്ച നടക്കുന്ന ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികളറിയിച്ചു. രാവിലെ ഏഴുമുതലെത്തുന്ന കുത്തിയോട്ടങ്ങൾ ക്ഷേത്രവളപ്പിൽ ഇരുന്നൂറോളം വോളന്റിയർമാർ നിയന്ത്രിക്കും. ക്ഷേത്രത്തിനു തെക്ക്, കിഴക്ക്, വടക്ക് വശങ്ങളിലെ ഗേറ്റുകളിലൂടെയെത്തുന്ന കുത്തിയോട്ടങ്ങളെ മുൻഗണനാക്രമത്തിലാണ് അകത്തേക്കു പ്രവേശിപ്പിക്കുക. കുത്തിയോട്ടം നടത്തുന്ന വഴിപാടുകാരനൊപ്പമുള്ള അൻപതുപേർക്കും കുത്തിയോട്ടക്കുട്ടികൾക്കും ആശാനും മാത്രമേ നടപ്പന്തലിലെത്തി തിരുമുൻപിൽ നിൽക്കാൻ അനുവാദമുള്ളൂ. കുത്തിയോട്ട വഴിപാട് പൂർത്തീകരിച്ചവരെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഗേറ്റ് വഴി പുറത്തേക്കുവിടും. കുത്തിയോട്ടങ്ങൾ കടന്നുവരുന്ന വേളയിൽ ഭക്തർക്ക് സുഗമമായി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഫ്‌ളൈ ഓവർ സംവിധാനം സജ്ജീകരിക്കും.
വൈകിട്ട് നാലുമുതൽ ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്ന ക്രമത്തിൽ കെട്ടുകാഴ്ചകൾ ക്ഷേത്രവളപ്പിലെത്തും. ഏഴുമണിയോടെ 13 കെട്ടുകാഴ്ചകളും കാഴ്ചക്കണ്ടത്തിൽ അണിനിരക്കും. കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്കെത്തുന്ന വഴികളിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നുമുതൽ ബുധനാഴ്ച രാവിലെ എട്ടുവരെ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ല. ചൊവ്വാഴ്ച രാത്രി എട്ടിനുനടക്കുന്ന കുംഭഭരണി സമ്മേളനം സംസ്ഥാന സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് ബി. ഹരികൃഷ്ണൻ അധ്യക്ഷത വഹിക്കും. ബുധനാഴ്ച പുലർച്ചെ മൂന്നിന് വേലകളിയും 3.30-ന് കെട്ടുകാഴ്ചകൾക്കുമുന്നിൽ ഭഗവതിയുടെ എഴുന്നള്ളത്തും നടക്കും.