ന്യൂഡൽഹി : നിയമ മേഖലയിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഫേംസ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എളുപ്പത്തിൽ നിയമബിരുദം നേടാമെങ്കിലും അതിൽനിന്ന് ഉപജീവനം കണ്ടെത്തുന്നത് വളരെ ദുഷ്കരമായിരുന്ന ഒരു കാലം ഞാനോർക്കുന്നു. ബിരുദത്തിനു പഠിക്കുമ്പോൾ എന്തിനാണ് നിയമം പഠിക്കുന്നതെന്നും മറ്റു ജോലികളൊന്നും കിട്ടില്ലേയെന്നും കല്യാണം കഴിക്കേണ്ടേ എന്നും ആളുകൾ ചോദിക്കുമായിരുന്നു.
ആദ്യകാല തലമുറയിലെ അഭിഭാഷകൻ ആയിരുന്നതിനാൽ കോടതികളിൽ വാദിക്കണമെന്ന സ്വപ്നം വല്ലപ്പോഴുമാണ് യാഥാർത്ഥ്യമായിരുന്നത്. അതിനാൽത്തന്നെ നിയമബിരുദം എന്നത് അറ്റകൈയായിരുന്നു. വ്യക്തിപരമായ അനുഭവങ്ങളിൽനിന്നു പറയുകയാണെങ്കിൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് ഞങ്ങളിൽ കൂടുതൽ പേർക്കും കാര്യങ്ങൾ പഠിക്കാനായിരുന്നത്.
നിയമമേഖലയിൽ ഇക്കാര്യത്തിൽ കാര്യമായ മാറ്റം വന്നുവോയെന്ന് എനിക്കറിയില്ല. അഭിഭാഷകർക്ക് അവസരം ലഭിക്കുന്നതിൽ അസമത്വം ഉണ്ടെന്നതാണ് സത്യം. സാമ്പത്തിക ഉദാരവൽക്കരണം നിയമ മേഖലയിൽ വലിയ മാറ്റം കൊണ്ടുവന്നു. ബിസിനസ്, കോർപ്പറേറ്റ് നിയമങ്ങളിൽ പ്രാവീണ്യമുള്ള അഭിഭാഷകർക്ക് ഇപ്പോൾ നല്ല ഡിമാൻഡാണ്.
രാജ്യത്തെ നിയമ സ്ഥാപനങ്ങളെല്ലാം ആഗോള സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വളർന്നു കഴിഞ്ഞു. എല്ലാ നിയമ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇവരുടെ പക്കലുണ്ട്. സമ്പന്നർക്കു വേണ്ടി മാത്രമാണ് ഇത്തരം സ്ഥാപനങ്ങളെന്ന പൊതുധാരണയുണ്ട്. നിയമസ്ഥാപനങ്ങൾ സമൂഹത്തോട് ബന്ധപ്പെട്ടതല്ലെന്ന മിഥ്യാധാരണ പൊതുജനത്തിനും ചില അഭിഭാഷകർക്കും ഉണ്ട്.
അത്തരം മിഥ്യാധാരണകൾ പൊളിച്ചെഴുതേണ്ട സമയമാണിത്. സമൂഹത്തിൽ പണക്കാർ, പാവപ്പെട്ടവർ എന്ന വ്യത്യാസം കൂടാതെ എല്ലാവരിലേക്കും പ്രവർത്തനം ഏകോപിപ്പിക്കാൻ നിയമ സ്ഥാപനങ്ങൾ ബാദ്ധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.