തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികൾ മരണപ്പെട്ടതായാണ് വിവരം. നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ട്. പരുക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോകകേരള സഭാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.
നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കാനാകുമെന്നും അപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങളും നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും അവർ അറിയിച്ചു. നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മലയാളി അസോസിയേഷന്‍, ലോകകേരളസഭാ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും ), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവര്‍. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി.പി. രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന്‍ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.