ചെന്നൈ: തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഥുറാം ഗോഡ്‌സെയുടെ പാത ഒരിക്കലും പിന്തുടരരുത്. ഗാന്ധി, അംബേദ്കർ, പെരിയാർ എന്നിവർ സ്വീകരിച്ച പാതകൾ നമുക്കുമുന്നിലുണ്ട്. അവരെ പിന്തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ജമാൽ മുഹമ്മദ് കോളജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തോടുള്ള വഞ്ചന തുറന്നുകാട്ടുന്നതിനായി ദ്രാവിഡ മുന്നേറ്റ കഴകം ആരംഭിച്ച 45 ദിവസത്തെ സംസ്ഥാനവ്യാപക ക്യാമ്പയിനിൽ പങ്കുചേരാൻ മുഖ്യമന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
ശക്തമായ ഒരു തമിഴ്‌നാട് കെട്ടിപ്പടുക്കുന്നതിൽ ഐക്യം, സാമൂഹിക നീതി, ശാസ്ത്രീയ പുരോഗതി എന്നിവയുടെ പ്രാധാന്യത്തെ പറ്റി സ്റ്റാലിൻ സംസാരിച്ചു. തമിഴ്നാട് ഒറ്റക്കെട്ടായി നിന്നാൽ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല. ഞാൻ രാഷ്ട്രീയം പറയുകയല്ല, വിദ്യാർത്ഥികളെ രാഷ്ട്രീയത്തെക്കുറിച്ച് അറിയിക്കുകയാണ്. നൈപുണ്യ വികസന പദ്ധതിയും പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും ഉൾപ്പെടെയുള്ള തന്റെ സർക്കാരിന്റെ സംരംഭങ്ങളെ പറ്റി അദ്ദേഹം പരാമർശിച്ചു. ഈ പരിഷ്കാരങ്ങൾക്ക് ദ്രാവിഡ മാതൃകയിലുള്ള ഭരണമാണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.