മധുര: സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിലെത്തി. മധുര മാരിയറ്റ് ഹോട്ടൽ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കും.
മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിലെത്തി. തമിഴ്നാട് സർക്കാരിന്‍റെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഗാർഡ് ഓഫ് ഓർഡർ നൽകിയാണ് പൊലീസ് സ്വീകരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുര എം പി സു വെങ്കിടേശന്‍ എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് പാർട്ടി ഘടകവും കേരള മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. സി പി എമ്മിന്റെ മന്ത്രിമാരിൽ വീണ ജോർജ്ജും വി അബ്ദുറഹിമാൻ ഒഴികെയുള്ള ഒമ്പത് മന്ത്രിമാർ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.
24 ആം പാർട്ടി കോൺഗ്രസിന് മധുരയിൽ നാളെയാണ് തുടക്കമാകുക. സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്ന തോടുകൂടിയാണ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് തുടക്കമാവുക. പുതിയ ജനറൽ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് തന്നെയായിരിക്കും പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുക. സി പി എം ജനറൽ സെക്രട്ടറി ആകാനുള്ള സാധ്യതയിൽ എം എ ബേബിയാണ് മുന്നിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ദാവലെയുടെ പേരും പാർട്ടി പരിഗണനയിലുണ്ട്. കേന്ദ്ര നേതൃത്വത്തിൽ സംഘടനാ ചുമതല വഹിക്കുന്ന മുതിർന്ന നേതാവ് എന്നതാണ് എം എ ബേബിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയേറ്റുന്നത്. കേരള നേതൃത്വത്തിനും ബേബിയോട് ഇപ്പോൾ കാര്യമായ അകൽച്ചയില്ല എന്നതും ഗുണമായേക്കും. മഹാരാഷ്ട്രയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയതാണ് അശോക് ദാവലെക്ക് ഗുണമായിട്ടുള്ളത്.
പി ബിയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ പേർ വേണ്ട എന്നാണ് തീരുമാനം എങ്കിലും വനിത പ്രാധിനിധ്യം കൂട്ടാൻ തീരുമാനിച്ചാൽ കെ കെ ശൈലജ എത്തിയേക്കും. അതേസമയം സി പി എമ്മിന് വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകുമെന്ന പ്രചാരണം തള്ളിയ ബ്രിന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും എന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു. തുടർന്നും ഇളവ് നൽകുന്നതിൽ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. ബംഗാൾ ഘടകത്തിന് അസ്വാരസ്യം ഉണ്ടെങ്കിലും പി ബിയിൽ എതിർക്കാൻ ഇടയില്ല. മണിക് സർക്കാർ സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, പി രാമകൃഷ്ണൻ, ബ്രിന്ദ കാരാട്ട് അടക്കം നേതൃ നിരയിൽ നിന്ന് 7 പേര് ഇക്കുറി ഒഴിഞ്ഞേക്കുമെന്നാണ് വ്യക്തമാകുന്നത്. പകരം കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളി വിജു കൃഷ്ണൻ, യൂ വാസുകി, മറിയം ദാവളെ, ബംഗാളിൽ നിന്ന് സുജൻ ചക്രവർത്തി, ത്രിപുരയിൽ നിന്ന് മണിക്ക് സർക്കാരിന്റെ പകരക്കാരൻ ആയി ജിതേന്ദ്ര ചൗധരി, സുഭാഷിണി അലിക്ക് പകരം കേരളത്തിൽ നിന്ന് വനിതയെ പരിഗണിച്ചാൽ കെ കെ ശൈലജയും പി ബിയിൽ എത്തിയേക്കും.