കോട്ടയം : മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. അഞ്ച് മിനിറ്റോളം സമയം മാത്രമേ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നുള്ളു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങുകയായിരുന്നു. വ്യാപകമായി പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയും ഉണ്ടായത്. മെഡിക്കല്‍ കോളജിന് മുന്നില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായത് മൂന്ന് കരിങ്കൊടി പ്രതിഷേധങ്ങളാണ്. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമാണ് കരിങ്കൊടി കാണിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിക്കെട്ടിടം തകര്‍ന്ന് മകളുടെ ചികിത്സയ്‌ക്കെത്തിയ സ്ത്രീയാണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. 68 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണ് രണ്ടു മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. അപകടത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മുത്തശ്ശിയുടെ കൂട്ടിരിപ്പിന് എത്തിയ വയനാട് മീനങ്ങാടി സ്വദേശിയായ പതിനൊന്നുകാരി അലീനാ വിന്‍സെന്റ്, കാഷ്വാലിറ്റി ജീവനക്കാരന്‍ അമല്‍ പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലപ്പഴക്കവും ബലക്ഷയവും കാരണം കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.