തിരുവനന്തപുരം: ആറ്റിങ്ങലിലെ മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയിലായതിന് പിന്നാലെ, ഭര്‍ത്താവ് ഒരുതെറ്റും ചെയ‌്തിട്ടില്ലെന്ന് വിശദീകരണവുമായി ഭാര്യ രംഗത്ത്. വീട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്നത്തിന്‍റെ പേരില്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനായി താനും മക്കളും ചേര്‍ന്ന് ചെയ‌്ത വീഡിയോയാണ് പുറത്തുവന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു. ഒരു ഈര്‍ക്കില്‍ എടുത്തു പോലും ഭര്‍ത്താവ് തന്നെയോ മക്കളെയോ തല്ലിയിട്ടില്ലെന്നും, വളരെ കഷ്‌ടപ്പെട്ടാണ് കുടുംബം നോക്കുന്നതെന്നും ഇവര്‍ പറയുന്നു.
യുവതിയുടെ വാക്കുകള്‍-
കഴിഞ്ഞ ആഴ്‌ച വീട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്നത്തിന്‍റെ പേരില്‍ ചേട്ടനെ പേടിപ്പിക്കാന്‍ ഞാന്‍ എന്‍റെ ഫോണില്‍ എടുത്ത വീഡിയോ ആണത്. ആ വീഡിയോ എന്റെ കുടുംബ ഗ്രൂപ്പില്‍ ഇട്ടിരുന്നു. അതിപ്പോള്‍ ആരോ വൈറലാക്കി ഞങ്ങളുടെ കുടുംബത്തെയാകെ നാറ്റിച്ചിരിക്കുകയാണ്. എന്‍റെ ഭര്‍ത്താവ് അങ്ങനെയുള്ള ഒരാളല്ല. ഞങ്ങളെ ഇതുവരെ അദ്ദേഹം അടിച്ചിട്ടില്ല.
ഒരു ഈര്‍ക്കില്‍ എടുത്തുപോലും എന്‍റെ മക്കളെ അടിച്ചിട്ടില്ല. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടുകൊണ്ടാണ് അച്ഛനെ പേടിപ്പിക്കാന്‍ വേണ്ടി എന്‍റെ മോള്‍ അതില്‍ ഉറക്കെ നിലവിളിച്ചത്. അങ്ങേരെ ഒരു ദുഷ്‌ടനായിട്ടാണ് ഈ ലോകം ഇപ്പോള്‍ കാണുന്നത്. ഞാന്‍ വയ്യാത്ത ഒരാളാണ്. എന്‍റെ ട്രീറ്റുമെന്റിനും മറ്റുമായിട്ട് വളരെ കഷ്‌ടപ്പെട്ടാണ് നോക്കുന്നത്. എന്‍റെ കുടുംബത്തിലുള്ള ആരോ ചെയ‌്ത ചതിയാണ് ലോകം മൊത്തം കാണുന്നത്’.