കൊച്ചി: 11 കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട 11കാരിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ ജില്ലാ റൂറല്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഞാറയ്ക്കല്‍ വടക്കേടത്ത് സ്വദേശിനിയാണ് മകളുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. മേയ് 29ന് ഉച്ചയ്ക്കാണു കുട്ടിയെ സ്വന്തം വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഉച്ചയ്ക്ക് അമ്മ കുട്ടിക്ക് ഭക്ഷണം നല്‍കാന്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അപ്പോള്‍ മുതല്‍ മരണം സംബന്ധിച്ച് തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തു തന്നെ സാധനസാമഗ്രികള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനൊന്നും ഇളക്കം തട്ടിയിരുന്നില്ല. മാത്രമല്ല കുട്ടി സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. നെഞ്ചില്‍ നഖം കൊണ്ടുള്ള പാടുകള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് എന്ന രീതിയില്‍ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചിരുന്നുവെങ്കിലും അതിലുണ്ടായിരുന്ന കൈയക്ഷരം മകളുടേതല്ലെന്ന് പരാതിയില്‍ പറയുന്നു.