പത്തനംതിട്ട : ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യപദ്ധതികളുടെ ഏകോപന യോഗം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള സര്‍ക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യമിഷനും സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശം, വിദ്യാഭ്യാസം, പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണം കൂടുതലായി ആവശ്യമാണ്. ലഹരിമരുന്ന്, ഇന്റര്‍നെറ്റിന്റെ അപകടവശങ്ങള്‍ ഒക്കെ കുട്ടികളെ ബോധവല്‍കരിക്കണം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തില്‍ കാര്യക്ഷമമാക്കും. കൗണ്‍സിലര്‍മാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുന്നതിനൊപ്പം പ്രവര്‍ത്തനം സ്‌കൂള്‍തലത്തിലേക്കും വ്യാപിപ്പിക്കും. സൈബര്‍ ക്രൈമിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിത കുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ. കെ ശ്യാംകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ആര്‍.കെ.എസ്.കെ നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ സാജന്‍, സി.ഡബ്ല്യു.സി അംഗം അഡ്വ. പ്രസീത എന്നിവര്‍ പങ്കെടുത്തു.