ദില്ലി: ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വര്‍ഷം രക്ഷപ്പെടുത്തിയതായി ഡല്‍ഹി സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍ജിഒ നല്‍കിയ 183 പരാതികളില്‍ മിക്കതിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 55 പരാതികളില്‍ ഉടന്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ റെയ്ഡുകള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ തിങ്കളാഴ്ച അറിയിച്ചു.
വളരെ ചെറിയ യൂണിറ്റുകളില്‍ അനധികൃതമായി പാര്‍പ്പിച്ചിരിക്കുന്ന ഫാക്ടറികളില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടി എന്‍ജിഒ ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സച്ചിന്‍ ദത്തയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2019 ഡിസംബര്‍ 8 ന് നഗരത്തിലെ സദര്‍ ബസാറിലെ ഒരു കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടാവുകയും, 12 നും 18 നും ഇടയില്‍ പ്രായമുള്ള 12 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.