പത്തനംതിട്ട : പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം ഏറ്റെടുത്ത് നഗരത്തിലെത്തിയ യാത്രക്കാർക്ക് പ്ലാസ്റ്റിക് സഞ്ചിക്ക് പകരം തുണിസഞ്ചി വിതരണം ചെയ്ത് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടിപോലീസ് മാതൃകയായി. ടൗൺ സ്ക്വയറിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മാലിന്യ കൂനകൾ ഒഴിവാക്കി നഗരത്തിൽ മനോഹരമായ ടൗൺ സ്ക്വയർ ഒരുക്കിയതു ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ മാലിന്യ സംസ്കരണം ജീവിത രീതിയാക്കാൻ നഗരസഭ നടത്തുന്ന ഇടപെടലുകളോടൊപ്പം നിൽക്കുന്ന വലിയ ചുവടുവെപ്പാണ് വിദ്യാർത്ഥി പോലീസ് നടത്തുന്ന തുണിസഞ്ചി വിതരണം എന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ, സി പി ഒ തോമസ് ചാക്കോ, സ്കൂൾ പി ടി എ പ്രസിഡൻ്റ് ടി.എം സുനിൽ കുമാർ, പ്രിൻസിപ്പൽ ബീന എസ്, എൻ എസ് എസ് കോഡിനേറ്റർ ജാഫർ ജമീൽ, സ്കൂൾ എസ് പി സി കോർഡിനേറ്റർ അനില അന്ന തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. നഗരത്തിലെ വിവിധ ഇടങ്ങളുടെ ശുചീകരണം, സൗന്ദര്യവൽക്കരണം, തുണിസഞ്ചി വിതരണം, പരിസ്ഥിതി ദിന സന്ദേശ പരിപാടികൾ തുടങ്ങി പതിവ് മുടക്കാതെ തിരക്കിലായിരുന്നു ഈ പരിസ്ഥിതി ദിനത്തിലും നഗരത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.