പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് പേവിഷവാക്സിൻ എടുത്തിട്ടും അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണ് കമ്മീഷൻറെ നടപടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആറ് വയസുകാരി സിയാ ഫാരിസ്, പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യ ലക്ഷ്മി (13) എന്നിവർ കഴിഞ്ഞ ഏപ്രിലിലും കൊല്ലം പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലിൻ (ഏഴ്) മൂന്നാഴ്ചകൾക്ക് മുമ്പും മരണമടഞ്ഞത് പേവിഷബാധയെത്തുടർന്നായിരുന്നു.
മരിച്ച മൂന്ന് കുട്ടികളും നായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് മൂന്നിലധികം ഡോസ് പേവിഷബാധ പ്രതിരോധ വാക്സീൻ സ്വീകരിച്ചിരുന്നു. 13ന് കമ്മീഷൻ കേസ് പരിഗണിക്കുമ്പോൾ വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ ഡയറക്ടർ, സംസ്ഥാന പൊതു ജനാരോഗ്യ ഓഫീസർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. സർക്കാർ ആശുപത്രിയിൽ സൂക്ഷിക്കുന്ന പേവിഷബാധ വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും മൂന്ന് വർഷം കാലാവധിയുണ്ടെങ്കിലും അവ കൃത്യമായ ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇവയിലെയും പേവിഷബാധ കുത്തിവയ്പിലെയും പാളിച്ചകൾ വാക്സിനുകൾ പരാജയപ്പെടുന്നതിൻറെ കാരണങ്ങളാകുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.