തിരുവനന്തപുരം : മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി ജിആർ അനിൽ. വളരെ സൂക്ഷിച്ചാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതും സാമൂഹ്യനില മെച്ചപ്പെടുത്തേണ്ടതും ഭരണഘടന നൽകുന്ന അവകാശങ്ങളാണ്. പൊതുവിദ്യാഭ്യാസം ആർജ്ജിക്കാൻ നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാതരത്തിലുള്ള സൗകര്യങ്ങളും ഇപ്പോഴും ഉണ്ടായിട്ടില്ല. കേരളത്തിൽ നിന്ന് നോക്കുമ്പോഴാണ് കുട്ടികൾക്ക് എല്ലാത്തരത്തിലുള്ള സൗകര്യങ്ങളും ലഭ്യമാകുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം പോലും നേടുന്നത്. അതുകൊണ്ട് ആ കാഴ്ചപ്പാടിൽ ഈ വിഷയത്തെ കാണണമെന്നും മതന്യൂന പക്ഷങ്ങളെ പ്രയാസപ്പെടുത്തുന്ന ചിന്തകളിലേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചത്. മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ 71 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുൾപ്പടെയുള്ള നിർദ്ദേശമാണ് റിപ്പോർട്ടിൽ ഉള്ളത്.