റാന്നി: സമഗ്ര ശിക്ഷ കേരളം റാന്നി ബിആർസിയും ആലപ്പുഴ ബി.ആർ.സിയും സംയുക്തമായി നടത്തിയ ട്വിന്നിംഗ് പ്രോഗ്രാം’ ഡ്രസ്സിൽ’ ൻ്റെ ഭാഗമായി ആലപ്പുഴ ബീച്ച് സന്ദർശിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍. കുട്ടികളെ കടല്‍ കാണിച്ച സന്തോഷത്തിലാണ് രക്ഷിതാക്കള്‍. വർഷങ്ങളായുള്ള എൻ്റെ ആഗ്രഹമായിരുന്നു മകനെ കടൽ കാണിക്കണമെന്നത്. ഒറ്റയ്ക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ ആഗ്രഹം സാധിച്ചിരുന്നില്ല. എന്നാൽ ഇന്നത് സാധിച്ചു. ഒത്തിരി സന്തോഷം, നന്ദി. ബിപി സിയുടെ സഹായത്തോടെ മകനെ വീൽചെയറിൽ കടലിൽ ഇറക്കിയശേഷം ബിനോയിയുടെ പ്രതികരണമാണിത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആലപ്പുഴയിലെ കുട്ടികളെയും രക്ഷിതാക്കളെയും കാണാനും കലാപരിപാടി ആസ്വദിക്കാനും അവതരിപ്പിക്കാനും ബീച്ചും പരിസര പ്രദേശങ്ങളും കാണുവാനുമായി നടത്തിയ ട്വിന്നിംഗ് പ്രോഗ്രാമാണ് ‘ഡ്രസ്സിൽ’.
പരിപാടിയുടെ ഭാഗമായി മജീഷ്യൻ ദീപുരാജ് ആലപ്പുഴയുടെ മിമാ ഷോ, സാക്സോ ഫോൺ മന്ത്രികൻ മനോജ് സ്വാമി നയിക്കുന്ന മാജിക് സംഗീതവിരുന്ന്, കുട്ടികളുടേയും രക്ഷിതാക്കളുടെയും കലാപരിപാടികൾ എന്നിവ നടന്നു. സാമൂഹ്യ ഉൽചേർക്കൽ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വീടിന്റെ അകത്തളങ്ങളിൽ നിന്ന് കുട്ടികളെ പുറംലോകത്ത് എത്തിച്ച് അവർക്ക് മാനസികോല്ലാസം നൽകാനാണ് പരിപാടി സംഘടിപ്പിച്ചത്. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം കളർകോട് ഗവൺമെൻറ് എൽപി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ വിനീത അധ്യക്ഷത വഹിച്ചു. എസ് എസ് കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോഡിനേറ്റർ എം. എസ് വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. മനു, ആലപ്പുഴ ബിപിസി സന്ദീപ് ഉണ്ണികൃഷ്ണൻ, റാന്നി ബി.പി.സി ഷാജി എ. സലാം, കളർകോട് ഗവൺമെൻറ് എൽ പി സ്കൂൾ പ്രഥമാധ്യാപിക ശാലിനി, ട്രയ്നർ നവാസ്, കുമാരി അമ്മു വർഗീസ് രക്ഷാകർതൃ പ്രതിനിധി റജീന ബീഗം എന്നിവർ സംസാരിച്ചു.