പത്തനംതിട്ട : കുട്ടികള്‍ക്കായി പ്രത്യേക ഇടങ്ങള്‍ തീര്‍ത്ത് ജില്ലയിലെ ആറു പോലീസ് സ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. അടൂര്‍, ഏനാത്ത്, കൂടല്‍, പത്തനംതിട്ട, ആറന്മുള, റാന്നി പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ എസ്എച്ച്ഒമാര്‍ ഉദ്ഘാടനം ചെയ്തു. രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെ മൊത്തത്തിലും ഒരുമിച്ചുള്ള പങ്കാളിത്തത്തോടെ ഓരോ കുട്ടിക്കു ചുറ്റും അദൃശ്യമായ സുരക്ഷാമതില്‍ തീര്‍ക്കുക എന്നത് ലക്ഷ്യമാക്കി കേരള പോലീസ് നടപ്പാക്കിവരുന്ന ക്യാമ്പ് (ചില്‍ഡ്രന്‍ & പോലീസ് ) പദ്ധതിയുടെ ഭാഗമാണ് പുതിയ സംരംഭം.
അടിയന്തിര സാഹചര്യങ്ങളില്‍പ്പെട്ടുപോയ രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ സ്‌കൂളുകളില്‍നിന്നും സുരക്ഷിതമായി എത്തിക്കാനും യാത്രക്കിടെ കുട്ടിയെ കൈവിട്ടുപോയാല്‍ ഉടന്‍ ബന്ധപ്പെടുവാനും കുഞ്ഞുങ്ങളെ മുലയൂട്ടാനും ഉള്‍പ്പെടെ പലഘട്ടങ്ങളില്‍ ആളുകള്‍ക്ക് ആശ്രയ കേന്ദ്രമായി മാറുന്നതരത്തിലാണ് ശിശുസൗഹൃദ ഇടങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
ആറു പോലീസ് സ്റ്റേഷനുകളിലും സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ശിശുസൗഹൃദ ഇടങ്ങള്‍ ഉദ്ഘാടനം ചെയ്തത്. മിനി ലൈബ്രറി, കുട്ടികളുമായി ഇടപഴകാനുള്ള സ്ഥലം, ശുചിമുറി, ഇരിപ്പിടങ്ങള്‍, ശുദ്ധജലം, മുലയൂട്ടാനുള്ള സൗകര്യം, പോലീസ് സ്റ്റേഷനിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സേവനം, കളിക്കാനുള്ള സ്ഥലം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. പുറത്തെയും അകത്തേയും ചുവരുകള്‍ വിവിധയിനം ചിത്രങ്ങളാല്‍ അലംകൃതവും ആകര്‍ഷവുമാക്കിയിരിക്കുന്നു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയും കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ സൂക്ഷ്മവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി ഉദ്ദേശ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളുടെ ഭാഗമായാണ് ഇപ്പോള്‍ ഈ ഇടങ്ങള്‍ രൂപകല്‍പന ചെയ്തത്. കുട്ടികള്‍ക്ക് ഏതുസമയത്തും സുരക്ഷയൊരുക്കാന്‍ ഇവിടം സുസജ്ജമായിരിക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനു, ഡി സി ആര്‍ ബി ഡി വൈ എസ് പി എ. സന്തോഷ് കുമാര്‍, സി ബ്രാഞ്ച് ഡി വൈ എസ് പി ആര്‍. സുധാകരന്‍പിള്ള, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ആര്‍. പ്രദീപ്കുമാര്‍, പത്തനംതിട്ട ഡി വൈ എസ് പി.കെ. സജീവ്, തിരുവല്ല ഡി വൈ എസ് പി.ടി. രാജപ്പന്‍ എന്നിവര്‍ വിവിധ സ്റ്റേഷനുകളില്‍ നടന്ന ലളിതമായ ചടങ്ങുകളില്‍ പങ്കെടുത്തു. വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്പിസി പ്രൊജക്റ്റ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍നിന്നുള്ള കേഡറ്റുകളും, ഇന്‍സ്ട്രക്ടര്‍മാരായ അധ്യാപകരും മറ്റും ചടങ്ങില്‍ പങ്കാളികളായി.