ചെെന : ലോകമൊന്നാകെ കൊറോണ വൈറസ് എന്ന മാരക രോഗകാരിയെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ വിവാഹമോചനം കൂടുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്ത് കൊറോണ വ്യാപനം തുടങ്ങിയതു മുതൽ ദിവസേന ഓരോ റജിസ്റ്റർ ഓഫിസുകളിലും നിരവധി ഡിവോഴ്സ് ആപ്ലിക്കേഷനുകളാണ് ലഭിച്ചികൊണ്ടിരിക്കുന്നത് എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡാസ്യു പ്രവിശ്യയിൽ നിന്നു മാത്രം ഒരു മാസത്തിനുള്ളിൽ 300 ൽ അധികം വിവാഹമോചന കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു എന്നാണ് ചൈനയിലെ പ്രമുഖ മാധ്യമമായ ദ് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടുകൾ പറയുന്നത്.
ചൈനയിൽ കൊവിഡ് രൂക്ഷമായ പല പ്രവിശ്യകളിലും സമാന സ്ഥിതിയാണ് ഉള്ളത്. മാസത്തിൽ ശരാശരി 10 ൽ താഴെ വിവാഹമോചന കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ചൈനയിലെ പല പ്രദേശങ്ങളിലും ഇപ്പോൾ ദിനംപ്രതി ശരാശരി 20 മുതൽ 30 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍ അധികസമയം ഇരിക്കേണ്ട അവസ്ഥയാണ്. ഒരുമിച്ചിരിക്കുന്ന സമയത്തിലുണ്ടായ വർധനയാണ് വിവാഹമോചനം കൂടാനുള്ള പ്രധാന കാരണമായി അധികൃതർ കാണുന്നത്. കൊവിഡ് ഭീതിമൂലം വീട്ടിലിരിക്കേണ്ടി വന്നതോടെ പലരും സാമ്പത്തികമായി തകർന്നുപോയി. ഇത് അവരുടെ മാനസിക സംഘർഷം വർധിപ്പിക്കുകയും അപകർഷതാ ബോധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതായി മനഃശാസ്ത്രജ്‍ഞർ പറയുന്നു.