ഡല്‍ഹി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയവുമായി ചൈനീസ് മാധ്യമം. കഴിഞ്ഞ വര്‍ഷം തയ്‌വാനിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടവും കഴിഞ്ഞ ദിവസത്തെ ദുരന്തവും തമ്മില്‍ ബന്ധമുണ്ടെന്ന കോണ്‍സ്പിറസി തിയറിക്കെതിരെ ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി.
ഡല്‍ഹി ആസ്ഥാനമായുള്ള ജിയോസ്‌ട്രാറ്റജിസ്റ്റും എഴുത്തുകാരനുമായ ബ്രഹ്മ ചെല്ലാനി ആണ് തയ്‌വാനിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടവും കഴിഞ്ഞ ദിവസത്തെ ദുരന്തവും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ആദ്യമായി ട്വീറ്റ് ചെയ്തത്. ഏഷ്യാ സൊസൈറ്റിയുടെ 2012ലെ ബെര്‍ണാഡ് ഷ്വാര്‍ട്‌സ് ബുക്ക് അവാര്‍ഡ് നേടിയ ആളാണ് ബ്രഹ്മ ചെല്ലാനി.
‘2020ന്റെ തുടക്കത്തില്‍ തയ്‌വാന്‍ സൈനിക മേധാവി ജനറല്‍ ഷെന്‍യി-മിങ്ങിനെയും രണ്ട് മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴുപേരെയും കൊലപ്പെടുത്തിയ ഹെലികോപ്റ്റര്‍ അപകടവുമായി ജനറല്‍ റാവത്തിന്റെ മരണത്തിന് വിചിത്രമായ സമാന്തരമുണ്ട്. ഓരോ ഹെലികോപ്റ്റര്‍ അപകടവും പിആര്‍സിയുടെ ആക്രമണത്തിനെതിരായ പ്രതിരോധത്തിലെ ഒരു പ്രധാന വ്യക്തിയെ ഇല്ലാതാക്കി’, ബ്രഹ്മ ചെല്ലാനി ട്വിറ്ററില്‍ പറഞ്ഞു.
‘അമേരിക്ക ശക്തമായി എതിര്‍ത്ത റഷ്യന്‍ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനവുമായി ഇന്ത്യയും റഷ്യയും മുന്നോട്ട് നീങ്ങുന്നതിനാല്‍, ഈ അപകടത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു’ എന്നതായിരുന്നു ബ്രഹ്മ ചെല്ലാനിയുടെ ട്വീറ്റിന് മറുപടിയായി ചൈനീസ് ഗ്ലോബല്‍ ടൈംസ് ട്വിറ്ററില്‍ പ്രതികരിച്ചത്.