ചൈനയിലേക്ക് ഒരു യാത്ര മനസ്സിലുണ്ടോ? വന്മതിലും കിടിലൻ നഗരങ്ങളും ഒക്കെ കണ്ട് ചിത്രങ്ങളിലൂടെ കൊതിപ്പിച്ച ചൈനയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വിസ അപേക്ഷിക്കുവാൻ പറ്റിയ സമയമിതാ വന്നിരിക്കുകയാണ്. ചൈനീസ് വിസ ആവശ്യകതൾക്കും അപേക്ഷയ്ക്കും വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ ചൈനീസ് എംബസി. ഈ വർഷം ഡിസംബർ 31 വരെ സാധുതയുള്ള ഈ ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം. ചൈനീസ് വിസ അപേക്ഷയിലെ ഏറ്റവും വലിയ കടമ്പകളിലൊന്നാണ് ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കുന്നത്. ഇപ്പോഴിതാ, പുതിയ ഇളവ് അനുസരിച്ച് ഏത് തരത്തിലുള്ള വിസ അപേക്ഷയ്ക്കും അതിപ്പോൾ ബിസിനസ്, ടൂറിസ്റ്റ് വിസയാണെങ്കിലും ട്രാൻസിറ്റ് വിസയോ ഷോർട് ടേം ഫാമിലി വിസയോ അങ്ങനെ ഏതു തരത്തിലുള്ള സന്ദർശനോദ്ദേശം ആണെങ്കിലും ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കേണ്ട ആവശ്യമില്ല. നേരത്തെ, ബയോമെട്രിക് വിവരങ്ങൾ നല്കാൻ കഴിത്തത് മൂലം പലർക്കും ചൈനീസ് വിസ ലഭിക്കാതെ പോയിരുന്നു. ഇവർക്കും ഒപ്പം കുട്ടികൾക്കും പ്രായമായ ആളുകൾക്കും ഏറെ പ്രയോജനകരമാകുന്ന മാറ്റമാണിത്. ചൈനീസ് വിസയ്ക്കായി ഈ അടുത്ത് ചൈനീസ് എംബസി ഈയിടെ വിരലടയാളം എടുത്തവർക്കും അല്ലെങ്കിൽ വിരലടയാളം “ശേഖരിക്കാനാകാത്തത്” എന്ന ലിസ്റ്റിൽ വരുന്നവര്‍ക്കും ഈ ഇളവ് ബാധകമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചൈനീസ് വിസയ്ക്ക് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ആറ് മാസത്തെ സാധുതയുള്ള സാധുവായ പാസ്‌പോർട്ടിന് പുറമെ, പ്രസക്തമായ പാസ്‌പോർട്ട് പേജുകളുടെ ഫോട്ടോകോപ്പികൾ , രണ്ട് ബ്ലാങ്ക് വിസ പേജുകൾ, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ, അപേക്ഷകരുടെ റസിഡൻസി, തൊഴിൽ നില എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള ഡോക്യുമെന്റേഷൻ എന്നിവ അപേക്ഷ സമർപ്പിക്കുമ്പോൾ ഉണ്ടായിരിക്കണം. വിസയുടെ വ്യത്യാസം അനുസരിച്ച് അപേക്ഷാ നിരക്കിലും വ്യത്യാസം ഉണ്ടായിരിക്കും. 3800 രൂപാ മുതൽ 7800 വരെയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ ന്യൂഡൽഹിയിലെ ചൈനീസ് വിസ അപേക്ഷാ സേവന കേന്ദ്രവുമായി ബന്ധപ്പെടാൻ ഇന്ത്യയിലെ ചൈനീസ് എംബസി ശുപാർശ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: Chinese Visa Application Service Centre, New Delhi Tel:91-9999036735 പ്രവർത്തന സമയം: 9:00 am – 14:00 pm, 15:00 pm – 17:00 pm