ന്യൂഡല്‍ഹി : 47 ചൈനീസ് ആപ്പുകള്‍ക്കുകൂടി രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് ചൈന. ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ മനഃപൂര്‍വ്വമുള്ള കൈകടത്തലാണെന്നും ചൈനീസ് ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചൈന പറഞ്ഞു.
ഞങ്ങള്‍ പ്രസക്തമായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ജൂണ്‍ 29-ന് ചൈനീസ് പശ്ചാത്തലമുളള വിചാറ്റ് ഉള്‍പ്പടെയുളള 59 മൊബൈല്‍ ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. അത് ചൈനീസ് കമ്പനികളുടെ നിയമപ്രകാരമുളള അവകാശങ്ങളെയും താല്പര്യങ്ങളെയും സാരമായി ബാധിച്ചു. ചൈന ഇന്ത്യക്ക് ഔപചാരികമായ ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യ സ്വീകരിച്ച തെറ്റായ നടപടികള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൈനീസ് എംബസി വക്താവ് കൗണ്‍സെലര്‍ ജി റോങ് പ്രസ്താവനയില്‍ അറിയിച്ചു.
വിദേശരാജ്യങ്ങളുമായി സഹകരിക്കുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങളും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ചൈനീസ് സംരഭങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടാറുണ്ടെന്നുള്ള കാര്യവും അവര്‍ ആവര്‍ത്തിച്ചു. വിപണി സിദ്ധാന്തങ്ങള്‍ക്കനുസൃതമായി ചൈനീസ് ബിസിനസ്സുകള്‍ ഉള്‍പ്പടെ ഇന്ത്യയിലെ അന്താരാഷ്ട്ര നിക്ഷേപകരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുളള പ്രായോഗിക സഹകരണം ഇരുകൂട്ടര്‍ക്കും ഗുണപ്രദമാണ്. എന്നാല്‍ ഇത്തരം സഹകരണത്തില്‍ മനഃപൂര്‍വമായ ഇടപെടലുകള്‍ നടത്തുന്നത് ഇന്ത്യന്‍ പക്ഷത്തിന്റെ താല്പര്യങ്ങള്‍ നിറവേറ്റുകയില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക് ഉള്‍പ്പടെ 59 ആപ്പുകള്‍ ജൂണില്‍ രാജ്യത്ത് നിരോധിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടിക് ടോക് ലൈറ്റ്, ഹെലോ ലൈറ്റ് തുടങ്ങിയ 47 ചൈനീസ് ആപ്പുകള്‍ക്കാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാലംഘനം, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട് ജനപ്രിയ ഗെയ്മിങ് ആപ്പായ പബ്ജിയുള്‍പ്പടെ 250 ആപ്പുകള്‍ നിരീക്ഷണത്തിലാണ്. നിരോധിച്ച ആപ്പുകളുടെ പട്ടിക കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ഇനിയും പുറത്തുവിട്ടിട്ടില്ല.