പത്തനംതിട്ട: പാല്‍ ഉൽപാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍ എഫ് ഐ ഡി ) മൈക്രോചിപ്പിന്റെയും റീഡറിന്റെയും ഔദ്യോഗിക വിതരണം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പൈലറ്റ് പ്രോജക്‌ട് എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇ മൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 14 ലക്ഷം കന്നുകാലികളാണ് കേരളത്തിലുള്ളത്. ഇവയുടെ രോഗസാധ്യത ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റീബില്‍ഡ് കേരളയുടെ ഭാഗമായി പൈലറ്റ് പ്രോജക്‌ട് എന്ന നിലയ്ക്ക് 20.50 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയാണ് ഈ പദ്ധതിയുടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി നടപ്പാക്കാനായി ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.