പാലക്കാട്: നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനിടെ വനിത നേതാവിനോട് അപമര്യാദയായി പെരുമാറിയ നേതാവിനെതിരെ അച്ചടക്കനടപടി. സംസ്ഥാന നിര്‍വാഹക സമിതിയംഗവും തിരുവനന്തപുരം സ്വദേശിയുമായ വിവേക് എച്ച് നായരെയാണ് ദേശീയ നേതൃത്വം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസിന്റ പ്രാഥമിക അംഗത്വത്തില്‍ നിന്നും വിവേകിനെ ഒഴിവാക്കിയിട്ടുണ്ട്. ചിന്തന്‍ ശിബിരത്തിന്റ രണ്ടാം ദിവസമായ ശനിയാഴ്ചയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ശുചിമുറിയിലേക്ക് പോകുന്ന സമയത്ത് മദ്യലഹരിയിലെത്തിയ വിവേക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മറ്റ് പലര്‍ക്കും ഇതേ അനുഭവം ഉണ്ടായെന്നുമാണ് തിരുവനന്തപുരം സ്വദേശിനിയായ വനിത നേതാവിന്റ പരാതിയില്‍ പറയുന്നത്.
പരാതി പരിഗണിച്ച ദേശീയ നേതൃത്വം യൂത്ത് കോണ്‍ഗ്രസിന്റ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വിവേകിനെ പുറത്താക്കി. കേരളത്തിന്റ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി.പുഷ്പലതയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ നേതൃത്വത്തിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ വിവേകിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റും അറിയിച്ചു.
പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ലെന്നും മറ്റൊരോ പെണ്‍കുട്ടിയുടെ പേരില്‍ പരാതി തയാറാക്കി അയയ്ക്കുകയായിരുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് പുറത്തുപോയതിലും ദുരൂഹതയുണ്ട്. മോശമായ പെരുമാറ്റം ഉണ്ടായപ്പോള്‍ തന്നെ പെണ്‍കുട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നുവെന്നും നടപടിയെടുക്കാമെന്ന ഉറപ്പില്‍ അവര്‍ തൃപ്തയായിരുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഇതിനിടെ ചിലര്‍ സംഘടനയെ മോശപ്പെടുത്താന്‍ ശ്രമിച്ചതിന്റ ഭാഗമായാണ് പരാതി തയാറാക്കി അയച്ചതെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍ ഇത്തരമൊരു പരാതി എത്തിയിട്ടില്ലെന്നാണ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. അങ്ങനെയെങ്കില്‍ നേരിട്ട് കേന്ദ്ര നേതാക്കളെ സമീപിച്ച കാര്യത്തിലും അന്വേഷണമുണ്ടാകും.