മലപ്പുറം: പുതുതലമുറക്ക് കൗതുകമായി ചീരണി വരവ്. മലപ്പുറം ജില്ലയിലെ വെന്നിയൂർ നാസിറുൽ ഉലൂം മദ്രസയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്രസ കാണാനായി നാട്ടുകാർക്കായി ഒരുക്കിയ മദ്രസകാണൽ ചടങ്ങാണ് വീടുകളിൽ തയ്യാറാക്കിയ ചീരണികൾ (പരമ്പരാഗത മധുരപലഹാരങ്ങൾ) കൊണ്ട് ശ്രദ്ധേയമായത്. കാഴ്ച വിരുന്ന് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഏകദേശം ആയിരത്തോളം ചീരണി വിഭവങ്ങളാണ് മദ്രസയിലെത്തിയത്. സ്നേഹ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ പഴമക്കാർ നടത്തിവന്നിരുന്ന ചീരണിവരവിനെ പുതുതലമുറക്കായി പരിചയപ്പെടുത്തുകയായിരുന്നു സംഘാടകരുടെ ലക്ഷ്യം. ചീരണി എന്ന വാക്കു പോലും പരിചിതമല്ലാതിരുന്ന പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കും യുവതലമുറക്കും ഈ ചടങ്ങ് നവ്യാനുഭവമായി. കലത്തപ്പം, നെയ്യപ്പം, ഉണ്ണിയപ്പം, പൂവട, പഴംപൊരി തുടങ്ങി പരമ്പരാഗത പലഹാരങ്ങളാണ് ചീരണിവരവിൽ വീടുകളിൽ നിന്നെത്തിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സന്ദർശകരാണ് പുതിയ വാസ്തുവിദ്യാചാരുതയിൽ പണിത മദ്രസ കാണാനെത്തിയത്.
1955ൽ സ്ഥാപിതമായതാണ് വെന്നിയൂർ നാസിറുൽ ഉലൂം മദ്രസ. നാട്ടിലെ കാരണവൻമാരിൽ ഭൂരിഭാഗവും മദ്രസയിലെ പൂർവവിദ്യാർത്ഥികളാണ്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉദ്ഘാടന പരിപാടികളിൽ ആദ്യദിനമായിരുന്നു കാഴ്ച വിരുന്ന് അരങ്ങേറിയത്. രണ്ടാം ദിനമായ ഇന്ന് (ശനി) രാത്രി ഏഴ് മണിക്ക് നാം നാട്ടുകാർ എന്ന ശീർശകത്തിൽ നടക്കുന്ന സൗഹൃദ സംഗമം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എ പി അനിൽകുമാർ എം എൽ എ മുഖ്യാതിഥിയാകും. എം അബ്ദുൽ മജീദ് അരിയല്ലൂർ സന്ദേശ പ്രഭാഷണം നടത്തും. നാട്ടിലെ കാരണവൻമാരും രക്ഷിതാക്കളും മദ്രസയുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവെക്കും. മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കും.