പത്തനംതിട്ട : ചിറ്റാര്‍ കുടപ്പനക്കുളത്ത് യുവാവ് വീടിനു സമീപത്തെ കിണറിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഫലപ്രദവും വേഗത്തിലുമുള്ള അന്വേഷണം ഉറപ്പാക്കാന്‍ സി ബ്രാഞ്ചിനെ ഏല്‍പിച്ചതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. സി ബ്രാഞ്ച് ഡിവൈഎസ്പി യുടെ ചുമതല വഹിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ആര്‍. പ്രദീപ്കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.
വനത്തില്‍ സ്ഥാപിച്ച ക്യാമറ കേടുവന്ന സംഭവത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറേചരുവില്‍ ടി ടി മത്തായിയെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചിറ്റാര്‍ പോലീസ് അസ്വാഭിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം സി ബ്രാഞ്ച് തുടര്‍ന്ന് നടത്തുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.