പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനക്കുളത്ത് വനപാലകരുടെ കസ്‌റ്റഡിയിലിരിക്കേ മരിച്ച മത്തായിയുടെ മരണം ആത്മഹത്യയാണെന്ന് ഡമ്മി പരീക്ഷണത്തിലും വ്യക്‌തമായെന്ന് സൂചന. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം വെള്ളത്തില്‍ മുങ്ങിയാണെന്ന് പറഞ്ഞിരുന്നു. ബലപ്രയോഗമുണ്ടായിട്ടില്ലെന്നും ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ കിണറ്റില്‍ വീണപ്പോഴുണ്ടായതാകാമെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.
ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. മാത്രവുമല്ല, മത്തായിയുടെ മരണം കൊലപാതകമാണെന്നും കുറ്റക്കാരായ വനപാലകരെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും വലതു പക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും പ്രക്ഷോഭം തുടങ്ങുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ മുന്‍കൈയെടുത്ത് ശാസ്‌ത്രീയ കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഡമ്മി പരീക്ഷണം നടത്തിയത്.
സംഭവത്തിന് വനപാലകര്‍ അല്ലാതെ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും അവരുടെ മൊഴി മാത്രം മുഖവിലയ്‌ക്ക് എടുക്കാന്‍ കഴിയാത്തതുമാണ് ഡമ്മി പരീക്ഷണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 12 ന് നടന്ന ഡമ്മി പരീക്ഷണത്തിലാണ് മത്തായി കിണറ്റില്‍ ചാടി മരിക്കുകയായിരുന്നുവെന്ന തരത്തില്‍ ഫലം ലഭിച്ചത്. ഈ വിവരം ഇപ്പോള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഫോറന്‍സിക് വിഗദ്ധരുടെയും പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെയും റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും പോലീസ് തുടര്‍നടപടി സ്വീകരിക്കുക. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മത്തായി മുങ്ങി മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണ സംഘം റാന്നി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ടില്‍ വനപാലകരെ പ്രതികളാക്കിയിട്ടില്ല. മനഃപൂർവ്വമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടല്‍ എന്നീ സെക്ഷനുകള്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്.
ജൂലൈ 28 നാണ് മത്തായി മരിച്ചത്. ചെളിക്കല്ല് വനമേഖലയില്‍ സ്‌ഥാപിച്ചിരുന്ന ടൈഗര്‍ ട്രാപ്പ് ക്യാമറ മത്തായി തകര്‍ത്തുവെന്ന് ആരോപിച്ചാണ് വനപാലകസംഘം വീട്ടില്‍ നിന്ന് മത്തായിയെ വൈകിട്ട് 4.30 ന് കസ്‌റ്റഡിയില്‍ എടുത്തത്. ആറരയോടെ മത്തായി കിണറ്റില്‍ മരിച്ചു കിടക്കുന്നുവെന്ന വിവരമാണ് അറിഞ്ഞത്.