ചിറ്റാർ : വനപാലകരുടെ കസ്റ്റഡിയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പൊന്നുവിന്റെ ഘാതകരായ വനപാലകർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. പൊന്നുവിന്റെ മൊബൈൽ ഫോൺ വനപാലകർ തെളിവ് നശിപ്പിച്ചതിന്റെ ഭാഗമായി നശിപ്പിക്കാനാണ് സാദ്ധ്യതയെന്ന് അദ്ദേഹം പറഞ്ഞു. പൊന്നുവിന്റെ കുടുംബത്തോടൊപ്പം കോൺഗ്രസ് നിലകൊള്ളുമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊന്നുവിന്റെ മാതാവിനെയും ഭാര്യയെയും, മക്കളെയും, മറ്റ് ബന്ധുക്കളെയും കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം വീട്ടിലെത്തി സന്ദർശിച്ചു.
സമരം ശക്തമാക്കാൻ ഡിസിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും അനുഭാവ സത്യാഗ്രഹം നടത്തണമെന്ന് ഡിസിസി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു. രാവിലെ നടന്ന ഉപവാസ സമരം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ്, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, വി.ആർ സോജി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, ബഷീർ വെള്ളത്തറയിൽ, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, ദീനാമ്മ റോയി, ബിജി മോനച്ചൻ, ഷൈലാ രവി, ജോയൽ മാത്യു എന്നിവർ പ്രസംഗിച്ചു.
നാളെ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റോയിച്ചൻ എഴിക്കകത്ത്, എസ്. സന്തോഷ് കുമാർ എന്നിവർ ഉപവാസം അനുഷ്ഠിക്കും.