ചിറ്റാര്‍ : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കൊലപാതകികൾ, അഴിമതിക്കാർ, സ്വർണ്ണ കള്ളക്കടത്തുകാർ, ദേശദ്രോഹ ശക്തികൾ എന്നിവരെ സംരക്ഷിക്കുകയും അവർക്ക് കവചമൊരുക്കകയും ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചിറ്റാറിൽ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ കുടപ്പനക്കുളം പട്ടിഞ്ഞാറെ ചരുവിൽ മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റാറിലെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് മത്തായിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയും കൃത്യവിലോപവുമാണ് പോലീസിന്റേയും അധികൃതരുടേയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. സ്വർണ്ണക്കള്ളക്കടത്തിലും കൺസൽറ്റൻസി കരാറുകളിലെ അഴിമതികളിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെയ്ക്കുവാൻ തയ്യാറാകാതെ അധികാരത്തിൻ തുടരുന്ന മുഖ്യമന്ത്രിയുടെ നടപടി സാമാന്യ നീതിക്ക് നിരക്കാത്തതും ജനാധിപത്യത്തെ അവഹേളിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലെ കസ്റ്റഡി കൊലപാതക പരമ്പരയിലെ അവസാന ഇരയാണ് നിരപരാധിയായ പി.പി.മത്തായി എന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മത്തായിയുടെ മൃതദേഹം സംസ്കരിക്കുവാനുള്ള അവസരം ഒരുക്കുകയും കുടുംബത്തെ ഏറ്റെടുത്ത് സംരക്ഷിക്കുകയും ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. നീതി നിഷേധം തുടരാനാണ് സർക്കാരിന്റ നീക്കമെങ്കിൽ ഡി.സി.സി നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരം കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എം.പി.മാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, കെ.ശിവദാസൻ നായർ പഴകുളം മധു,, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, എം.കെ. പരുഷോത്തമൻ , മാത്യു കുളത്തുങ്കൽ, സതീഷ് കൊച്ചു പറമ്പിൽ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ടി.കെ.സാജു, സജി കൊട്ടക്കാട്, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, എ.സുരേഷ് കുമാർ, വെട്ടുർ ജ്യോതി പ്രസാദ്, അനിൽ തോമസ്, റിങ്കു ചെറിയാൻ, ലിജു ജോർജ്ജ്, വി.ആർ സോജി, റോയിച്ചൻ എഴിക്കകത്ത്, ബഷീർ വെള്ളത്തറ, അന്നപൂർണ്ണാ ദേവി, ആർ. ജയകുമാർ വി.എം. ചെറിയാൻ, ജോസ് ഇല്ലിരിക്കൽ എന്നിവർ പ്രസംഗിച്ചു. പന്ത്രണ്ടാം ദിവസമായ ആഗസ്റ്റ് 15 ന് ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം അനുഷ്ടിക്കും. കെ.പി. സി.സി അംഗം പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്യും.