ചിറ്റാര്‍ : പഞ്ചവടിപ്പാലം പണിത കരാറുകാരന്‍ ഇപ്പോള്‍ ചിറ്റാര്‍ പഞ്ചായത്ത് അധികൃതരുടെ ഇഷ്ടദേവന്‍. ദേവന്‍ ആവോളം പ്രസാദിക്കുന്നതിനാല്‍ പൂജയും അര്‍ച്ചനയും കഴിക്കുന്നതിന് ആര്‍ക്കും മടിയില്ല. ഉത്ഘാടനത്തോടൊപ്പം തകര്‍ന്നുവീണ പഞ്ചവടിപ്പാലം സിനിമ ജനഹൃദയത്തില്‍ പതിഞ്ഞിരുന്നു. അവിടെയും വില്ലന്‍ കരാറുകാരന്‍ ആയിരുന്നു. ലക്ഷങ്ങളും കോടികളും കരാര്‍ തുകയില്‍ വകകൊള്ളിച്ച് ഫിഫ്ടി ഫിഫ്ടി അനുപാതത്തില്‍ വീതം വെച്ചെടുക്കുന്ന ഉദ്യോഗസ്ഥരുടേയും കരാറുകാരന്റെയും അവിശുദ്ധ നടപടികള്‍ ഇന്ന് നാട്ടില്‍ പാട്ടാണ്.
ചിറ്റാർ ഗ്രാമപഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് എന്ന പേരിൽ 13 ലക്ഷം രുപ അടങ്കൽ തുക വകയിരുത്തി 10. 50 ലക്ഷം രൂപയ്ക്ക് കരാറെടുത്ത് 90% പണി പൂർത്തിയാക്കിയ കെട്ടിടം കഴിഞ്ഞ ദിവസത്തെ ചാറ്റൽ മഴയിൽ അടിത്തറയിളകി തകർന്നു. തകര്‍ന്ന കെട്ടിടം മുളങ്കമ്പുകൊണ്ട് ഊന്ന് കൊടുത്തു നിര്‍ത്തിയിരിക്കുകയാണ്. ഏതു നിമിഷവും ഇത് തകര്‍ന്നു വീഴാം. എന്നാല്‍ ഇത് കേടുപോക്കി വീണ്ടും ഉപയോഗിക്കുവാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
പൊതു ഖജനാവിലെ പണം അടിച്ചുമാറ്റാന്‍ കരാറുകാരന്റെ ഒപ്പം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരാണ് കുറ്റവാളികള്‍. റോഡുപണിയുടെയും കെടിടം പണിയുടെയും വിഹിതം കണക്കുപറഞ്ഞു വാങ്ങുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടിനു ശാപം തന്നെയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് വന്‍ കൊള്ളയാണ് നടക്കുന്നത്. ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ ഏതു കരാറുണ്ടെങ്കിലും അത് ലഭിക്കുന്നത് തോമാച്ചനും പിള്ളച്ചേട്ടനുമാണ് …കാരണം ഇവര്‍ കണ്ണടച്ച് പടി നല്‍കും. അതുകൊണ്ടുതന്നെ ഇവര്‍ ചെയ്യുന്ന പണിയും കണ്ണടച്ചുകൊടുക്കും. ഇരുമ്പു കമ്പിക്കു പകരം മുളങ്കമ്പുകളും സിമിന്റിന്റെ അളവ് കുറച്ച് പാറപ്പൊടിയും ഒക്കെയായി ഇവര്‍ കെട്ടിപ്പൊക്കുന്ന പലതും തകര്‍ന്നു വീഴുന്നത് അതുകൊണ്ടാണ്. ഇതൊന്നും പഞ്ചായത്ത് അധികൃതര്‍ കാണില്ല. കാരണം ഈ പ്രിയപ്പെട്ടവരോട് ഒന്നും പറയാന്‍ പറ്റില്ല. അന്തിക്കൂരാപ്പിന് ഇവര്‍ വീട്ടില്‍ കൊണ്ടുവന്നുതരുന്ന ഗാന്ധിയുടെ ചിത്രം മനസ്സിലുണ്ട്. പരാതി പറയുന്ന നാട്ടുകാരനെ വിഡ്ഢികളാക്കാനുള്ള സകല അടവുകളും ജനപ്രതിനിധികള്‍ക്ക് കാണാപ്പാടമാണ്. ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചാല്‍ തലപ്പത്ത് ഉണ്ടാകും. സമരത്തിനും പ്രകടനത്തിനും മുന്നില്‍ കാണും. പ്രതിഷേധത്തിന്റെ വഞ്ചി എങ്ങനെ ഗതിമാറ്റണമെന്ന് നല്ലതുപോലെ ഇവര്‍ക്ക് അറിയാം. പാവം കഴുതയെന്ന ജനം കൊടിപിടിക്കാനും തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിക്കാനും ഉണ്ടാകും. ജനകീയ പ്രശ്നങ്ങളെ ഇങ്ങനെ ബുദ്ധിപൂര്‍വ്വം നിശബ്ദമാക്കുവാന്‍ നേതാക്കള്‍ക്ക് കഴിയുന്നു.
ചിറ്റാർ പഞ്ചായത്തിൽ കയർ ഭൂവസ്ത്രം, റോഡുനിർമ്മാണം, ശബരിമല ഇടത്താവളം തുടങ്ങിയ നിരവധി പദ്ധതികള്‍ അഴിമതിക്കുവേണ്ടി ഉണ്ടായിരുന്നു. അഴിമതിയുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് പണി ഏകദേശം പൂര്‍ത്തിയായ കെട്ടിടം അടിത്തറ ഉള്‍പ്പെടെ തകര്‍ന്നത്. എടുത്തിട്ട പൂഴി മണ്ണില്‍ നിന്നും കെട്ടിപ്പൊക്കിയതാണ് അടിത്തറയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരാര്‍ തുകയുടെ പകുതി പണംപോലും പണിക്ക് ചെലവാക്കിയിട്ടില്ലെന്നും നാട്ടുകാരനായ ജോസഫുകുട്ടി രോഷത്തോടെ പറയുന്നു. തകര്‍ന്നുവീണ അഴിമതി കൊട്ടാരം അങ്ങനങ്ങ് വെറുതെവിടാന്‍ നാട്ടിലെ യുവജനങ്ങള്‍ തയ്യാറല്ല. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
ഐ.എസ്.ഓ സര്‍ട്ടിഫിക്കറ്റ് അടുത്തിടെയാണ് ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. ഇതില്‍ വലിയ കാര്യമൊന്നും ഇല്ലെന്ന് അറിയാവുന്നവര്‍ക്ക് അറിയാം. പട്ടിയുടെ വാല്‍ സ്വര്‍ണ്ണക്കുഴലില്‍ ഇട്ടാലും ഊരിയെടുക്കുമ്പോള്‍ വളഞ്ഞുതന്നെ ഇരിക്കും. ഇല്ലാത്ത കടമുറിക്ക് നമ്പര്‍ ഇട്ട് കരമൊടുക്കാന്‍ നോട്ടീസ് നല്‍കിയത് ഈ അടുത്ത നാളിലാണ്. കരമടച്ച് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ അതും നല്‍കിയ പഞ്ചായത്തിനാണ് ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ ( ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റാന്റഡൈസേഷൻ) സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് എന്നുള്ളതാണ് രസാവഹം. ഏതായാലും കരവും അടച്ച് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും ലഭിച്ച തന്റെ കടമുറി കണ്ടെത്തി നല്കാന്‍ ഉടമ ആവശ്യപ്പെട്ടു കഴിഞ്ഞു. പഞ്ചായത്തിനു കഴിഞ്ഞില്ലെങ്കില്‍ നിയമപരമായി നീങ്ങാനാണ് ഉടമയുടെ തീരുമാനം.