പേരാവൂര്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ പേരാവൂരിലും ജാഗ്രത. പേരാവൂര്‍ സ്വദേശികള്‍ക്ക് ആരോഗ്യവകുപ്പധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്കി. 28 ദിവസത്തേക്ക് പൊതു ഇടങ്ങളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ല. ചൈനയില്‍ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച സാഹചര്യത്തിലാണ് പേരാവൂര്‍ പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി കേരളത്തിലെത്തിയത്.
വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ എന്ന് വ്യക്തതയില്ല. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാല്‍ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവല്കരിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഈ കുടുംബത്തെ കൂടാതെ പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുന്‍പ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. കൊറോണ വൈറസ് ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ അവിടെ നിന്നെത്തിയവര്‍ പേരാവൂരിലെ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.