ചെങ്ങന്നുർ : കൂർത്തമല സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയുടെ ഇരു ചാപ്പലുകളായ കോയിപ്രം സെന്റ് ജോൺസ് ചാപ്പലും, കടപ്ര സെന്റ് ജോർജ് ചാപ്പലും സ്ഥാപിതമായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിക്കുന്ന വിവിധ പരിപാടികളിൽ പ്രഥമമായി റവ. ഫാ. ഡോ. ഏബ്രഹാം കോശി ഒരുക്കുന്ന ഫിലോബിബ്ലിക്ക – ക്രൈസ്തവ പൈതൃക പ്രദർശനം നവംബർ മാസം 9-ാം തീയതി ശനിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം കോയിപ്രം സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നൂറിലധികം ഭാഷകളിലെ ബൈബിളുകൾ, അൻപതിൽ അധികം വേദപുസ്തക ഇംഗ്ലീഷ് വിവർത്തനങ്ങൾ, പത്തിലധികം മലയാള വിവർത്തനങ്ങൾ, മലയാളത്തിലെ ആദ്യ വിവർത്തനമായ റമ്പാൻ ബൈബിൾ (കായംകുളം ഫീലിപ്പോസ് റമ്പാൻ), ബൈബിൾ കമൻ്ററികളും വിജ്ഞാനകോശങ്ങളും, ബ്രേലി ബൈബിൾ, വിവിധ രാജ്യങ്ങളിലെ നൂറിലധികം വൈവിധ്യമാർന്ന കുരിശുകൾ, ക്രിസ്ത്യൻ ഐക്കണോഗ്രഫി ചിത്രങ്ങൾ, ഓർത്തഡോക്സ് പ്രാർത്ഥനാ ചരടുകൾ, ഈജിപ്തിലെ പേപ്പറസ് ചിത്രങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുന്തിരിക്കങ്ങളും സുഗന്ധദ്രവ്യങ്ങളും, വിവിധ സഭകളുടെ ധൂപ കുറ്റിക്കളും പൂജാ പാത്രങ്ങളും, വിശുദ്ധനാട്ടിലെ ജലവും പാറയും മണ്ണും, വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം ക്രിസ്മസ് ഈസ്റ്റർ സ്റ്റാമ്പുകളും ആദ്യദിന കവറുകളും, ഇന്ത്യ പോസ്റ്റ് ക്രിസ്ത്യൻ സ്റ്റാമ്പുകളും ആദ്യദിന കവറുകളും, ബൈബിൾ നാണയങ്ങൾ, ബൈബിളിലെ മൺപാത്ര മാതൃകകൾ, യഹൂദ പാരമ്പര്യവസ്തുക്കൾ, ചെപ്പേടുകൾ തുടങ്ങിയ ക്രൈസ്തവ പൈതൃകം വിളിച്ചോതുന്ന അനേകം വസ്തുകൾ ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു.
22 രാജ്യങ്ങൾ സന്ദർശിച്ച ചെങ്ങന്നൂർ സ്വദേശിയായ ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിൻ്റെ സ്വകാര്യ ശേഖരത്തിൽ നിന്നുമാണ് ഈ പ്രദർശനം. പ്രദർശനം ചെങ്ങന്നുർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി ഉത്ഘാടനം ചെയ്തു. വികാരി ഫാ വൈ തോമസ് സഹവികാരി ഫാ. പോൾസൺ ജോൺ ഇടവക ട്രസ്റ്റി തോമസ് ജോർജ്, സെക്രട്ടറി തോമസ് കോശി, ചാപ്പൽ ഭാരവാഹികളായ യോഹന്നാൻ വർഗീസ്, എം. വി. വർഗീസ്, യുവജനപ്രസ്ഥാനംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.